Tuesday, December 4, 2018

കാരോലപ്പം

MEMOIR 

നന്നായി മൊരിഞ്ഞ കാരോലപ്പം തിന്നിട്ട് കാലം കുറെ ആയി. ഞാൻ കഴിഞ്ഞ മുപ്പത് കൊല്ലമായി [ഏകദേശം ] തൃശൂർ ആണ്  താമസം. ഇവിടെ ഈ അപ്പത്തിന് ഉണ്ണിയപ്പം എന്നാണ് പറയുന്നത്. അങ്ങിനെ ഇപ്പോൾ എന്റെ നാവിൽ അങ്ങിനെയാണ് കാരോലപ്പത്തിന് പകരമായി വരാറ്.

ഞാൻ ജന്മം കൊണ്ട് മലബാറിലെ ഞമനേങ്ങാട് ആണെങ്കിലും, വളർന്നത് കുന്നംകുളം ചേരുവത്താ നിയിൽ ആണ് . അവിടെ എന്റെ ചേച്ചി എനിക്ക് കൂടെ കൂടെ കാരോലപ്പം ഉണ്ടാക്കി തരും. ഇവിടെ കടകളിൽ സുലഭമായി കാരോലപ്പം എന്ന ഉണ്ണിയപ്പം ലഭിക്കുമെങ്കിലും അതിലം എണ്ണ  പിഴിഞ്ഞതുപോലെ ഉള്ളതാണ് , അതിനാൽ കഴിക്കാൻ രുചിയില്ല . നല്ല അപ്പത്തിന് നല്ല മൊരിച്ചലും സ്വാദും ഉണ്ടാകും .

എന്റെ ചെറുവത്താനിലയിലെ വീട്ടിൽ ഉണ്ടാക്കുന്ന അപ്പത്തിൽ  നല്ല വിളഞ്ഞ തൊണ്ട്  ഉണങ്ങിയ കൊട്ടത്തേങ്ങ അരി ഞ്ഞ് ചെറിയ കഷണങ്ങളായി ഇടും. ചിലപ്പോൾ കദളി പഴം ചേർക്കാറുണ്ട്. എനിക്ക് പഴം ചേർക്കാത്തതാണ് ഇഷ്ടം.

പിന്നെ ഉരുളിയിൽ നാട്ടിലെ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയിൽ വിറകടുപ്പിൽ വെച്ചായിരിക്കും അപ്പം വേവിച്ചെടുക്കുക.. അപ്പം ഉണ്ടാക്കുമ്പോൾ ഞാൻ ചേച്ചിയുടെ അടുത്ത് തന്നെ അടുക്കളക്ക് സമീപമുള്ള ഓലപ്പുരയിൽ നിൽപ്പുറപ്പിക്കും . ചുടുക്കനേ  ഉള്ള അപ്പം ഉരുളിയിൽ നിന്ന് കോരി പനമ്പുകൊണ്ടുള്ള അരിപ്പാ കൊട്ടയിൽ  ഇട്ട് വെക്കും എണ്ണ  വാർന്നു പോകാൻ. അതിനുശേഷം കഴിച്ചാൽ ഒട്ടും എണ്ണമയം ഉണ്ടാകില്ല .അങ്ങിനെ എന്റെ ചേച്ചി ഉണ്ടാക്കിത്തന്ന കാരോലപ്പത്തിന്റെ രുചി വേറെ ഒന്ന് തന്നെയാണ് .

പിന്നെ കാരോലപ്പം ഉണ്ടാക്കാൻ ചിലപ്പോൾ പ്രത്യേക തരം  വിത്ത് വിതച്ചുണ്ടാക്കുന്ന നെല്ല്  വീട്ടിലെ ഉരലിൽ കുത്തിയുണ്ടാക്കുന്ന അരിയാണ്  ഉപയോഗിക്കാറ്.

തൃശൂരിലെ അച്ഛൻ തേവർ അമ്പലത്തിൽ മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് ഉണ്ണിയപ്പം നേദിക്കും.. പണ്ടത്തെ കൃഷ്ണൻ തിരുമേനി ഉണ്ടാക്കിയിരുന്ന ഉണ്ണിയപ്പം അടിപൊളിയായിരുന്നു.

ഇപ്പോൾ മാറിമാറി വരുന്ന നമ്പൂതിരിമാർ ആണ്  അവിടുത്തെ ശാന്തിമാർ, അതിനാൽ പണ്ടത്തെ ഉണ്ണിയപ്പത്തിന്റെ സ്വാദ് ഇപ്പോൾ ഇല്ലാ എന്നാണ് എന്റെ തോന്നൽ .

ഈ ബ്ലോഗ് പോസ്റ്റ് മണ്മറഞ്ഞ ഞാൻ ചേച്ചിയെന്ന്  വിളിക്കുന്ന എന്റെ പെറ്റമ്മക്ക് സമർപ്പിക്കുന്നു .

Wednesday, October 24, 2018

അവളുടെ നിശ്വാസം

അവളുടെ നിശ്വാസം

MEMOIR

എന്താണെനിക്ക് ഇത്ര ഉഷാര്‍ ഇന്ന് കാലത്ത്. പതിവിലെ കാലത്തെണീറ്റ് കുളി കഴിഞ്ഞുള്ള കഷായം കുടിക്കുന്ന നേരത്ത് എനിക്ക് തോന്നി. കഴിഞ്ഞ 12 കൊല്ലമായുള്ള വാത രോഗം പലവിധം വൈദ്യസമ്പ്രദായങ്ങളൊക്കെ പരീക്ഷിച്ചെങ്കിലും പൂര്‍ണ്ണമായി ഈ രോഗം ഭേദമായില്ല. അവസാനമായി എന്നെ ചികിത്സിച്ച ശ്രീകുമാരന്‍ മേനോനെ എനിക്കിഷ്ടമായിരുന്നു...


 രണ്ട് കൊല്ലം അടുത്തപ്പോളും രോഗം ഭേദമായില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോന്നു. അതിന്നിടക്കാണ് കാലില്‍ നീരുവന്ന് തുടങ്ങിയത്. നീര് മാറ്റിക്കിട്ടാനുള്ള പ്രതിവിധിയൊന്നും ഫലിക്കാതായപ്പോല്‍ ഞാന്‍ അലോപ്പതിക്ക് ഒരു ബൈ ബൈ കൊടുത്ത് ആയുര്‍വ്വേദം പരീക്ഷിക്കാമെന്ന് വെച്ചു. ആദ്യം ശ്രീദേവിയുടെ ചികിസ്തയായിരുന്നു. ശ്രീദേവി എന്നെ ആദ്യം ചികിസ്തിക്കാന്‍ തുടങ്ങിയ മറ്റൊരു രോഗത്തിനെയാണ്, ഞാന്‍ അതില്‍ പൂര്‍ണ്ണ തൃപ്തനായിരുന്നില്ല. കാരണം രോഗങ്ങളുടെ കലവറയായ എന്റെ ശരീരത്തിന് അവശ്യം ചികിത്സ വേണ്ടിയിരുന്നത് വാതത്തിനാണ്. അവരോടൊന്നും അങ്ങോട്ട് പറയാന്‍ പറ്റില്ല. എന്നാലും കുറേ ക്ഷമിച്ചു.

 മറ്റസുഖങ്ങള്‍ പൂര്‍ണ്ണമായി മാറിയതുമില്ല, വാതം മൂര്‍ഛിക്കുകയും ചെയ്തു. ഞാനാകെ ധര്‍മം സങ്കടത്തിലായി. അങ്ങിനെ ഞാന്‍ വേറെ ഒരു ആശുപത്രിയില്‍ എത്തി. കഷ്ടകാലമെന്ന് പറയട്ടെ, അവിടേയും ഞാന്‍ എത്തിപ്പെട്ടത് ഒരു പെണ്ണ് ഡോക്ടറുടെ അടുത്താണ്. പക്ഷെ എന്റെ പ്രതീക്ഷക്ക് വിപരീതമായി എനിക്ക് വളരെ വിദഗ്ദ ചികിത്സയാണ് അവിടെ കിട്ടിയത്. തന്നെയുമല്ല ആ ഡോക്ടര്‍ വളരെ ഫ്രണ്ട്ലി ആയിരുന്നു. രോഗിയോട് വളരെ വിനയത്തോടും ബഹുമാനത്തോടും കൂടിയുള്ള പരിചരണം എനിക്ക് തെല്ലൊരു ആശ്വാസം പകര്‍ന്നു.. അങ്ങിനെ ഞാന്‍ രണ്ട് വെള്ളത്തിലും കാലിട്ട് നില്‍ക്കുന്ന പ്രതീതിയിലായിരുന്നു ആദ്യമൊക്കെ, പിന്നീട് ഇപ്പോള്‍ ഞാന്‍ ഒരു വള്ളത്തില്‍ തന്നെ തുഴയാന്‍ തുടങ്ങി..

എന്റെ വാതരോഗം ശനമം നേരിയ തോതില്‍ ഉണ്ടെന്ന് തോന്നുന്നു. പക്ഷെ കൂടെയുള്ള മറ്റു അസുഖങ്ങള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നുണ്ടോ എന്ന ഒരു മന:പ്രയാസം ഇല്ലാതില്ല. എന്നാലും ഈ പുതിയ ഡോക്ടറോട് എന്തും തുറന്ന് പറയാനും വേണമെങ്കില്‍ ഫോണിലും ബന്ധപ്പെടാനും പറ്റുമെന്നതിനാല്‍ ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ഉന്മേഷവാനാണ്.

കാലത്തുള്ള ഗന്ധര്‍വ്വഹസ്താദി കഷായത്തില്‍ അവിപതി മേമ്പൊടി ചേര്‍ത്ത് കാലത്ത് സേവിക്കണം, അത് കഴിഞ്ഞേ പ്രാതല്‍ പാടുള്ളൂ. പ്രാതലിന് ശേഷം അഭയാരിഷ്ടം ഒരു ഔണ്‍സ്.. ഉച്ചക്ക് ഊണ് കഴിഞ്ഞാല്‍ പിന്നെ മരുന്നുകള്‍ ഒന്നുമില്ല.. വൈകീട്ട് ചിഞ്ചാദി തൈലം തേച്ച് ഒരു കുളി, തൈലം തേച്ചിരിക്കാന്‍ ഒരു സുഖമില്ല.

ഞാന്‍ കോണകമുടുത്ത് മുറ്റത്തോ കോലായിലോ ഇരുന്നാല്‍ തൈലം തേച്ച് തരാനെനിക്ക് ആരുമില്ല. എന്റെ പെണ്ണിന് അതിനൊന്നും നേരമില്ല. അവള്‍ സീരിയല്‍ കിളിയാണ്. സീരിയല്‍ വിട്ടൊരു കളിയും അവള്‍ക്കില്ല..

തൈലം തേച്ച് തരാനൊക്കെ എന്റെ കൂട്ടുകാരി പാറുകുട്ടി തന്നെ മിടുക്കി. പണ്ടൊരിക്കല്‍ ഞാന്‍ കോഴിക്കോട്ട് നിന്നും വാഹനമോടിച്ച് തൃശ്ശൂര്‍ക്ക് വരികയായിരുന്നു. എടപ്പാളെത്തിയപ്പോള്‍ കാലിന് കലശലായ വേദന. ഞാന്‍ എന്റെ വാഹനം ഷൊര്‍ണൂര്‍ ലക്ഷ്യമായി തിരിച്ച് വിട്ടു. നിളാ തീരത്തെ പാറുകുട്ടിയുടെ കൂരക്ക് അരികിലായി വണ്ടി നിര്‍ത്തി. വേച്ച് വേച്ച് നടന്ന് അവളുടെ ഉമ്മറത്ത് കയറിക്കിടന്നു..  ആ കിടപ്പ് അവള്‍ക്ക് കണ്ട് സഹിച്ചില്ല. അവള്‍ ഷൊര്‍ണ്ണൂരങ്ങാടിയില്‍ പോയി കൊട്ടന്‍ ചുക്കാദി തൈലം വാങ്ങി വന്ന് എന്റെ കാലില്‍ മസ്സേജ് ചെയ്തുതന്നു.

വേദനിക്കുന്ന സഹജീവിയെ പരിചരിക്കുന്ന വേളയിലും ഞാന്‍ കുമ്പിട്ടിരിക്കുന്ന അവളുടെ യൌവ്വനം ആസ്വദിച്ച് മയങ്ങിയതറിഞ്ഞില്ല..  അരമണിക്കൂര്‍ കഴിഞ്ഞ് അവള്‍ ചൂട് വെള്ളം കൊണ്ട് കാല് കഴുകുന്നതാണ് പിന്നെ ഞാന്‍ കണ്ടത്... എന്റെ വേദനക്ക് ആശ്വാസം കാണാന്‍ ആ കൂട്ടുകാരിക്ക് കഴിഞ്ഞു. അവളാണ് ഞാന്‍ എന്നും സ്നേഹിക്കുന്ന എന്റെ കൂട്ടുകാരി പാറുകുട്ടി..

 കാലത്ത് വെറുമൊരു കാലിച്ചായ മാത്രം കുടിച്ച് വന്നിരുന്ന ഞാന്‍ മലപ്പുറത്ത് നിന്നും പൊറോട്ടയും മീനകറിയും കഴിക്കാമെന്നൊക്കെ കരുതിയാണ് യാത്ര തിരിച്ചത്, പക്ഷെ കാലിലെ വേദന കാരണം അതൊന്നും നടന്നില്ല.. തൈലം തേക്കലും ഒക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് കലശലായ വിശപ്പ് തുടങ്ങിയിരുന്നു. ഞാന്‍ പാറുകുട്ടിയുടെ അടുക്കളയിലേക്ക് എത്തി നോക്കി, തീപ്പൂട്ടിയ ലക്ഷണമുണ്ട്.

“കഞ്ഞി കാലാ‍യോ പാറുകുട്ടീ....?”
“ഉണ്ണ്യേട്ടന് വെശക്കണുണ്ടോ...? ഞാന്‍ ഇപ്പോ ശരിയാക്കാം നല്ല കൈക്കുത്തരിയുടെ പൊടിയരിക്കഞ്ഞിയും പപ്പടം ചുട്ടതും ...”
 കഞ്ഞി കുടി കഴിഞ്ഞ് ഞാന്‍ തീരെ അവശനായ പോലെ തോന്നി.. പാറുകുട്ടിയുടെ ചാണം മെഴുകിയ കോലായില്‍ ഞാന്‍ നീണ്ട് നിവര്‍ന്ന് കിടന്നു.. രണ്ട് കയില്‍ കഞ്ഞി കോരിക്കുടിച്ച് പാറുകുട്ടി എനിക്ക് പായ വിരിച്ച് തന്നു...

 ഉറങ്ങാന്‍ പോണ എന്നെ അവള്‍ ചെറുതായൊന്ന് നുള്ളി നോവിച്ചു... “ഇപ്പോള്‍ ഉറങ്ങേണ്ട , കുറച്ച് കഴിയട്ടെ...”  അവളും എന്റെ പായയില്‍ കിടന്നു.. നാല്പാമരാദി വെളിച്ചെണ്ണ തേച്ച അവളുടെ മുടിയിഴകളിലെ മണം എന്നെ മത്തു പിടിപ്പിച്ചെങ്കിലും എന്റെ കണ്ണുകള്‍ നിദ്രയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു..

 എനിക്കഭിമുഖമായി കിടന്ന അവളുടെ മേനിയിലുള്ള നോട്ടം എന്റെ പാദത്തിന്റെ വേദനയെ ശമിപ്പിച്ചു. അവളുടെ നിശ്വാസം എനിക്ക് കരുത്തേകി.. അല്പനേരത്തിന്നുള്ളില്‍ ഞാന്‍ നിദ്രയിലാണ്ടു....

ഇന്നെലെ ഞാനും നാല്പാമരാദി വെളിച്ചെണ്ണ തേച്ച് കുളിച്ചിരുന്നു, പിന്നെ ശരീരമാസകലം ചിഞ്ചാദി തൈല സേവയും , അതായിരുന്നു എന്റെ ഇന്നെത്തെ ഉഷാറിന് കാരണം...

എന്റെ പാറുകുട്ടീ........... നീയാണെന്റെ ശക്തി. നീയാണെന്റെ ജീവന്‍...........

NB: this was earlier published in my blog  എന്റെ സ്വപ്നങ്ങൾ 

Wednesday, September 26, 2018

ആരായിരിക്കാം അവൾ

ഞാൻ ഇന്ന് ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ ഒരാൾ എന്നെ നോക്കുന്നു . ഞാൻ മൈൻഡ് ചെയ്തില്ല . 
പിന്നെ ഞാൻ ഓർത്തു പാവം കുറച്ച് ദിവസമായി അവിടെ ഇരിക്കുന്നു. അയാൾക്ക് തണുപ്പും ചൂടും ഒന്നും പ്രശ്നമില്ലാത്ത ആളാണ് .
ഞാൻ അവനെ ആദ്യം കയ്യിലെടുത്ത് നോക്കി - കാലാവധി കഴിഞ്ഞിട്ടില്ല.
ആരായിരിക്കാം അവൻ അല്ലെങ്കിൽ അവൾ

Sunday, June 24, 2018

office stationery and equipments

ഞാൻ 25 വർഷം പ്രവർത്തിച്ച മേഖല ആണ്  ഓഫീസ് സ്റ്റേഷനറി & ഉപകരണങ്ങൾ. എനിക്ക് ഈ മേഖലയിൽ 1973 മുതലാണ് സേവനം അനുഷ്ഠിക്കാൻ സാധിച്ചത്. 25 വർഷത്തിന് ശേഷം ഈ മേഖലയിൽ നിന്ന് പിരിഞ്ഞെങ്കിലും ഞാൻ ലോകത്ത് എവിടെ പോയാലും മേൽ പറഞ്ഞ വിഷയത്തിൽ തല്പരനായിരിക്കും.

ഞാൻ ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും ഈ വിഷയത്തെ പറ്റി പഠിച്ചുംകൊണ്ടിരിക്കുന്നു.  അടുത്ത കാലത്താണ് എനിക്ക് തോന്നിയത് ഭാരതീയർക്ക് വിശദമായി അറിയില്ലാത്ത ഈ  വിഷയത്തെ പറ്റി ഒരു  ബ്ലോഗ് എഴുതി, പിന്നീട്  അതിന് മാത്രമായി ഒരു ബ്ലോഗ് സൃഷ്ടിക്കാൻ.

തൽക്കാലം ഞാൻ  എന്റെ ഈ  സ്‌മൃതി എന്ന ബ്ലോഗിൽ എഴുതാം.

നമ്മുടെ നാട്ടുകാർക്ക് ഈ വിഷയത്തെക്കുറിച്ച് വിശദമായ അറിവ് ഇല്ല. ഉദാഹരണത്തിന് envelopes എടുക്കാം. നമ്മൾ ഇതിനെ കവർ എന്നാണ് പറയുക. ഈ envelopes ലോക രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്നതിൽ വളരെ ഒരു ചെറിയ  ശതമാനം മാത്രമേ നമ്മുടെ മാർക്കറ്റിൽ ലഭ്യമുള്ളൂ.

ഈ envelopes മാത്രം ഉണ്ടാക്കുന്ന അനവധി ഫാക്ടറികൾ ഉണ്ട് യൂറോപ്പിൽ. ഒരേ സൈസിലുള്ള envelopes പല substance കളിലും കളറുകളിലും ഡിസൈനുകളിലും ലഭ്യമാണ്. ഉദാഹരണത്തിന് നമ്മൾ ഓഫീസിൽ ഉപയോഗിക്കുന്ന
envelopes - 4 x 9 ആണ്. പക്ഷെ ഇത് 9x4 ലും ലഭ്യമാണ്.

സാധാരണ envelopes ലഭിക്കുന്ന സൈസിന്റെ ഏകദേശ രൂപം ഞാൻ ഇവിടെ എഴുതാം.

3 1/2 x 6 with  flap on long side
4x9 with flap on  both sides,but long side flap  is  called 9x4 i assume
8x5
9x6
10x7
12x10
15x12
16x12

ഏതാണ്ട് 1200  പേജ് എങ്കിലും വരും ഈ സ്റ്റേഷനറി വിഷയത്തെ പറ്റി  എഴുതാൻ - കുറേശ്ശെ എഴുതി നിറക്കാം.

[will be continued]

Wednesday, June 6, 2018

കണലിൽ ചുട്ട ഫൈവ് ചപ്പാത്തി

Memoir

നല്ലൊരു മഴയോട് കൂടിയാണ് എന്റെ ഇന്നെത്തെ ഈവനിംഗ് നഗരം ചുറ്റൽ. നടത്തത്തിന്നിടയിൽ സെന്റ്‌ അഗസ്റ്റിൻ ദേവാലയത്തിലും , വെളിയന്നൂർക്കാവിലും കയറി അമ്മമാരെ വണങ്ങി. മടക്കം രാധേച്ചിയുടെ പുതുക്കിപ്പണിത വീട്ടിന്റെ ഒരു പോട്ടം പിടിച്ചു.

മടക്കം ഒരു ബക്കാർഡി കോള കഴിച്ചു, കൂടെ ഒരു മസാല ഓം ലറ്റും വിത്ത് കാപ്സിക്കം എൻഡ് തബാസ്‌കോ സോസ്... 

ഇവിടുത്തെ ബക്കാർഡിക്ക് വീര്യം കുറവാണ് അതിനാൽ ഒന്നും കൂടി പിടിപ്പിച്ച് സ്ഥലം വിട്ടു.

ബൈത്തിൽ വന്ന് തണുത്ത വെള്ളത്തിൽ ഒരു നീരാട്ട്. ഇനി അര മണിക്കൂർ കഴിഞ്ഞ് വൈകീട്ടത്തെ ശാപ്പാട്. 

ഇന്ന് എന്റെ പെണ്ണ് എനിക്കിഷ്ടപ്പെട്ട കൊഴുവ കറിയും, മരക്കിഴങ്ങും

പിന്നെ നെല്ലിക്ക അച്ചാറും ഉണ്ടാക്കിയിട്ടുണ്ട്. കൂട്ടത്തിൽ കണലിൽ ചുട്ട ഫൈവ് ചപ്പാത്തിയും.
അപ്പോൾ ഞമ്മള് അതൊക്കെ കഴിച്ചിട്ട് വരാം

ബൈ4 നൗ
.

Monday, June 4, 2018

പാവം കുപ്പികൾ

Memoir

ഇന്നെലെ രാത്രി മൊത്തം മഴയായിരുന്നു . മെർലിൻ ഹോട്ടലിൽ ഒരു കല്യാണത്തിന്റെ വിരുന്ന് സൽക്കാരം ഉണ്ടായിരുന്നു . ഞാൻ പോയില്ല, എന്റെ പെണ്ണ് അവളുടെ മോളുടെ കൂടെ പോയി. മോളും അവളുടെ കെട്ടിയോനും അമ്മായിയമ്മയും ആയി എറണാകുളത്ത് നിന്നും വന്നിരുന്നു ഈ കല്യാണത്തിന്.

ഞാൻ എന്റെ ഉമ്മറത്തിരുന്ന മഴ പെയ്യുന്നത് ആസ്വദിച്ചും കൊണ്ടിരുന്നു - അപ്പോഴാണെനിക്ക് ഓർമ വന്നത് ഫ്രിഡ്ജിൽ ഇരുന്ന് കരയുന്ന ഫോസ്റ്റർ ബിയർ കുപ്പികളെ  പറ്റി.

പാവം കുപ്പികൾ ഒരു മാസമായി അവിടെ തണുപ്പിൽ സുഖമായി കഴിയുന്നു . അവർക്ക് തണുപ്പുള്ള സ്ഥലമാണ് ഇഷ്ടം. പക്ഷെ അവർക്ക് അത് ആരെങ്കിലും കുടിച്ചാലേ ജന്മസാഫല്യം കിട്ടൂ .

അങ്ങിനെ ഞാൻ അവരിൽ ഒരാളെ എടുത്ത് കഴുത്തിലെ ടാഗ് പൊട്ടിച്ച് ഒറ്റ വലി . ഹാ എന്തൊരു സുഖം , പുറത്തും തണുപ്പ് ഉള്ളിലും തണുപ്പ് - പക്ഷെ ഉള്ളിലെ തണുപ്പ് കൂടെ കൂടെ ചൂടായി വന്നു. ഞാൻ ഒരു ഫോസ്റ്റർ കുട്ടിയേയും കൂടി പ്രണയിക്കാൻ പോകുന്ന വഴിയിൽ ഞാൻ കണ്ടു എന്റെ പെണ്ണിനെ പോലെ ഒരു  തടിച്ചി കുപ്പി അവളെ പോലെ തന്നെ ഉയരം കുറഞ്ഞ് . ആദ്യം അവളെ എടുത്ത് കോലായിൽ കൊണ്ടുപോയി വെച്ച്, പാറുകുട്ടിയെ പോലെ ഉള്ള ഫോസ്റ്റർ ഒരു കപ്പിയും കൂടി എടുത്ത് കോലായിൽ വന്നിരുന്നു. ഒരു കപ്പി കുടിച്ചപ്പോൾ എന്തെങ്കിലും നക്കാനും കടിക്കാനും കിട്ടിയാൽ കൊള്ളാമെന്ന് തോന്നിയിരുന്നു .

അങ്ങിനെ മറ്റേ കുപ്പി തുറന്ന് നോക്കിയപ്പോൾ എനിയ്ക്ക് പെരുത്ത് ഇഷ്ടമായി. ഹാ..!!  മുളകിൽ കുളിച്ച് കിടക്കുന്ന കുറെ ഉണ്ടക്കുട്ടികൾ. എന്റെ ഫേവറൈറ് ളൂവിക്കാ ബേബീസ്.... രണ്ട്  ബേബീസിനെ എടുത്ത് ഞാൻ ചപ്പി.. ഉഷാർ ഉഷാർ .
ഞാൻ മൂന്നാമത്തെ കുപ്പിയെടുക്കാൻ പോയപ്പോൾ എനിക്കെന്തെങ്കിലും കടിക്കാൻ തോന്നി . ഉച്ചക്ക് മീനും കോരിയൊന്നും ഉണ്ടായിരുന്നില്ല . ഞാൻ മീൻ കരുതിക്കൂട്ടി വാങ്ങിക്കാതിരുന്നതാണ് , എന്തെന്നുവെച്ചാൽ പത്രത്തിൽ വായിച്ചു , മീൻ കേടാകാതെ ഇരിക്കാൻ ഫോർമാലിൻ ചേർത്ത ഐസ് ആണത്രേ ഉപയോഗിക്കുന്നത്. തൽക്കാലം ചിക്കൻ വാങ്ങിക്കാമെന്ന്  കരുതി പോയപ്പോൾ, എന്നെ കണ്ടതും കോഴിക്കുട്ടികൾ എല്ലാരും കൂടി കരയാൻ തുടങ്ങി .പാവം കോഴിക്കുട്ട്യോള് .. അവരുടെ കരച്ചിൽ കേട്ട് ചിക്കൻ വാങ്ങാതെ പൊന്നു .

ഇപ്പോൾ ഞാൻ വീലായപ്പോൾ എനിക്ക് തോന്നി കോഴിക്കുട്ട്യോളെ വാങ്ങിക്കാമായിരുന്നുവെന്ന് . എന്തിനുപറേണ് നക്കാൻ കിട്ടി, ഇനി കടിക്കാൻ കിട്ടണം . ഞാൻ നേരെ കൊക്കാലയിലുള്ള സുരേഷിന്റെ തട്ടുകടയിൽ ചെന്നു . അവിടെ ബോട്ടി, ലിവർ, കാട മുട്ട റോസ്‌റ് തുടങ്ങിയ വിഭവങ്ങളും കൂടാതെ കപ്പയും, കടലയും എന്തിന് അധികം പറയണം, എനിക്ക് ആവശ്യമായതെല്ലാം അവിടെ ഉണ്ടായിരുന്നു .

ഞാൻ അധികം ആലോച്ചില്ല . സുരേഷിനോട് കാര്യം പറഞ്ഞപ്പോൾ എനിക്ക് നക്കാനും കടിക്കാനും ഉള്ളതൊക്കെ പൊതിഞ്ഞുതന്നു , പിന്നെ 2 സ്‌പെഷൽ പൊറോട്ടയും .

എനിക്ക് സുരേഷിന്റെ പൊറോട്ട വളരെ ഇഷ്ടമാണ് . വീട്ടിൽ എന്ത് കഴിച്ചാലും വയർ പ്രശനം ഉണ്ടാകാറുള്ള എനിക്ക് സുരേഷിന്റെ തട്ടുകടയിലെ എന്ത് കഴിച്ചാലും വയറിന് ഒരു കൊയപ്പവും വരാറില്ല , അതിനാൽ കോയമ്പത്തോരുള്ള എന്റെ മകൻ വരുമ്പോൾ ഇവിടെ നിന്ന് പൊറോട്ടയും മറ്റും പാർസൽ വാങ്ങിക്കൊണ്ട്പോകാറുണ്ട് .

കോയമ്പത്തൂരിൽ നല്ല ടെണ്ടർ ലാമ്പിന്റെ മീറ്റ് കിട്ടും . ചിലപ്പോൾ അവൻ സൽക്കരിക്കാറുണ്ട് . അതിന്റെ കൂടെ സുരേഷിന്റെ തട്ടുകട പ്രോഡക്ടസും കൂടി ആയാൽ അടിപൊളി .

അപ്പോൾ ഞാൻ പറഞ്ഞ് പറഞ്ഞ് എവിടെയെത്തി..

ചുരുക്കിപ്പറഞ്ഞാൽ കല്യാണ വിരുന്നിന് പോകാതിരുന്നത് നന്നായി .


Friday, June 1, 2018

ഹെലോ മൈ ഡിയർ ഒമാൻ പാറുകുട്ടീ

ഹെലോ മൈ ഡിയർ ഒമാൻ പാറുകുട്ടീ

കൂടെ കൂടെ നിന്റെ മോന്തായം എനിക്ക് കാണിക്കുന്നുണ്ട് . പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന പാറുകുട്ടിയാകണമെങ്കിൽ നിന്റെ വേഷം മാറണം അല്ലെങ്കിൽ മാറ്റണം.

എന്റെ പാറുക്കുട്ടി വട്ടക്കഴുത്തുള്ള, കറുപ്പിൽ വെള്ള പുള്ളികളുള്ള അല്ലെങ്കിൽ വെളുപ്പിൽ കറുത്ത പുള്ളികളുള്ള ജാക്കറ്റ് ഇട്ട്, മുട്ടിനപ്പുറം എന്നാൽ ആങ്കിളിന് മുകളിലായി ഉള്ള മുണ്ട് ഉടുത്ത് വരണം .

അങ്ങിനെ ഇരിക്കാമെങ്കിൽ ഞാൻ ഇവിടെ നിന്ന് അങ്ങോട്ട് പറക്കാം .
ഞാൻ അവിടെ എത്തിയാൽ എന്നെ
അൽബുസ്താൻ, ഷെറാട്ടൺ , അൽഫലാജ്  തുടങ്ങിയ പബ്ബ്കളിൽ കൊണ്ടോണം. പണ്ടൊക്കെ അൽ ഖുവൈറിൽ ഉള്ള ഹോളിഡേ ഇന്നിൽ ബെല്ലി ഡാൻസ് ഉണ്ടായിരുന്നു. ഇപ്പോളും ഉണ്ടെങ്കിൽ അവിടെയും എന്നെ കൊണ്ടോണം .
പബ്ബിൽ കുറിച്ച് ഉല്ലസിച്ച് പാട്ടും പാടി, അതിനുശേഷം പൂളിൽ കുളിച്ച് എന്നെ പണ്ടത്തെ കാലമെല്ലാം അയവിറക്കിപ്പിക്കണം . അവിടെ ഇപ്പോഴും സ്നൂക്കേഴ്സ് ഉണ്ടെങ്കിൽ അതും കളിക്കണം

നമ്മുടെ അൽ ഖുവൈറിൽ ബലദിയ  ചന്തയുടെ അടുത്ത് ഒരു ഹോട്ടൽ ഉണ്ടല്ലോ , അവിടെയും എന്നെ കൊണ്ടൊണം.

അങ്ങിനെ എല്ലാം ശരിയായാൽ എന്നെ ഫോൺ ചെയ്യുക , ഞാൻ വരാം . .

Thursday, April 5, 2018

ശാസ്ത്രജ്ഞൻ


ചെറുകഥയായിട്ടെഴുതുന്നു - ചിലപ്പോൾ നോവൽ ആയി പരിണമിക്കാം

ഗോമതി  അമ്മ  സ്വീകരണ മുറിയിലേക്ക്  ഓടിയെത്തിയത്  അവിടെയിരുന്ന് ലഹള വെച്ചിരുന്ന പിള്ളേർ അറിഞ്ഞില്ല പിള്ളേർ എന്ന് പറഞ്ഞാൽ ഗോമതിയുടെ മക്കളും മരുമകളും തന്നെ .

അടുക്കളയിലൊരാൾ സഹായത്തിന് പിള്ളേരെ വിളിച്ചാൽ ഉണ്ണിക്കുട്ടനൊഴികെ ആർക്കും നേരമില്ല . അമ്മേടെ ഉണ്ണിക്കുട്ടനെ ഒരു കല്ല്യാണം  കഴിപ്പിക്കണമെന്ന വിചാരം ഗോമതിക്കും ആഗ്രഹം . ഉണ്ണിക്കുട്ടൻെറ ഏട്ടനെ കല്ല്യാണം കഴിപ്പിച്ചു.  അവന്റെ ഭാര്യയെ അവൻ ഇംഗ്ലണ്ടിലേക്ക്കൊണ്ടു  പോയെങ്കിലും അവൾക്കു അവിടത്തെ കാലാവസ്ഥ പിടിക്കാതെ ഒരു മാസത്തിനുള്ളിൽ തിരികെ പോന്നു. അവൾക്ക് അവളുടെ വീട്ടിലാണ് നിൽക്കാൻ താൽപ്പര്യം.എങ്കിൽ അവിടെ നിന്നോളാൻ ഗോമതി പറഞ്ഞെങ്കിലും അവൾ ഭർതൃ ഗൃഹത്തിൽ നിന്നു പോയില്ല.

 ഗോമതിയമ്മക്ക് രണ്ട് ആൺമക്കളും ഒരു പെണ്ണും മൂത്തവൻ മാത്രമേ കല്ല്യാണം കഴിച്ചിട്ടുള്ളൂ. മറ്റു രണ്ടാൾക്കും കല്ല്യാണപ്രായം ആയി വരുന്നതേയുള്ളൂ. ഇംഗ്ലണ്ടിലുള്ള മൂത്തവൻ അവിടെ ന്യൂറോ സർജൻ ആണ്.നാട്ടിലുള്ള മറ്റേ പുത്രൻ സൈന്റിസ്റ്റ് ആണ് ഇളയതായ പെൺകുട്ടി പാത്തോളജിസ്റ്റ് ആണ്. ഗോമതിയുടെ മരുമകൾ എഞ്ചിനീയറിംഗ് ബിരുദധാരിയാണെങ്കിലും പണിക്ക് പോകുന്നില്ല. ബോണ്ട് കൊടുത്തിട്ട് പോകേണ്ട എന്നതാണ് ഭർത്താവിെൻറ ഓർഡർ. അവൾക്കാണെങ്കിൽ പണിക്ക് പോകണമെന്നും ഇല്ല. ഇളയമകൻ ഉണ്ണിക്കുട്ടൻ ഒരു അമേരിക്കൻ ഫേമിൽ സൈന്റിസ്റ്റ് ആണ്. ആഴ്ചയിൽ 5 ദിവസമേ പണിയുള്ളൂവെങ്കിലും അവൻ സദാസമയവും ഓഫീസിലാണ്. അല്ലെങ്കിൽ വീട്ടിലെ പരീക്ഷണശാലയിലും.

അവൻെറ കുഞ്ഞിപ്പെങ്ങൾ ആശുപത്രിയിൽ നിന്ന് വന്നാൽ പിള്ളേർസ് മൂന്നെണ്ണം അടിയും പിടിയും ലഹളയുമാണ്.  ചിലപ്പോൾ അവരോടൊപ്പം ഗോമതിയും കൂടും.  അടുക്കളയിൽ ഫുൾടൈം ജോലിക്കാരിയുണ്ട്.  അതിനാൽ അവർക്ക് അങ്ങോട്ട് പോകേണ്ടതില്ല.  എന്നാലും അവരുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടായിരിക്കും.  മകൾ ശാലിനിക്കും മരുമകൾ വിദ്യക്കും കഴിക്കാൻ എന്തായാലും മതിയെങ്കിൽ ഉണ്ണിക്കുട്ടൻെറ പ്രകൃതം വേറെയാണ്. എരിവ് അധികം പറ്റില്ല.  രാത്രി ചപ്പാത്തി തന്നെ വേണം.  ഇറച്ചിയും മീനും നിർബന്ധമില്ലെങ്കിലും ചാള, വെളൂരി, മുള്ളൻ, മാന്തൾ  മുതലായ  ചെറുമീൻ കറികൾ ഇഷ്ടമാണ്.  വറവ് സാധനങ്ങൾ  മീൻ, പപ്പടം,  കൊണ്ടാട്ടം ഇവയൊന്നും താൽപര്യമില്ല.  ഇനി അഥവാ കഴിക്കുകയാണെങ്കിൽ കയ്പ്പക്ക കൊണ്ടാട്ടം ആകാം.  രാത്രി പത്തുമണിവരെ വീട്ടുകാരൊത്ത് ഇരിക്കും.  പത്ത് കഴിഞ്ഞാൽ  11 നകം അവൻെറ പണിമുറിയിലേക്ക് പോകും. 11.30 മണിക്ക് ഉറക്കം.

4 ബെഡ്റൂം വീട്ടിൽ - ഡൈനിങ്ങ് + വിസിറ്റേഴ്സ് മുറി + പൂജാമുറിയൊക്കെ വേറെ ഉണ്ട്. കൂടാതെ സ്റ്റോർ +മെയ്ഡ്സ് റൂം + സെർവെൻറ് ടോയ്ലറ്റ് ഒക്കെ ഉണ്ട്. ഇരുനിലവീടിൻെറ താഴത്തെ നില മൊത്തം ഉണ്ണിയുടെ പരീക്ഷണശാലയാണ്. മുകളിലത്തെ നിലയിലെ ഓപ്പൺ ടെറസ്സ് മുഴുവൻ പെൻറ് ഹൗസ് പോലെ കെട്ടിയിരിക്കുന്നു. ഉണ്ണിയുടെ ബെഡ്റൂമിൽ നിന്നാണ് അങ്ങോട്ടൊക്കെ വഴി.  അവൻെറ കിടപ്പുമുറിയിലേക്കോ, അതിനടുത്ത പൂന്തോട്ടത്തിലേക്കോ ആർക്കും പ്രവേശനമില്ല. പെറ്റമ്മക്കുപോലും.

അവൻെറ ബെഡ്റൂമും - ടോയ്ലെറ്റുമെല്ലാം അവൻ സ്വയം വൃത്തിയാക്കും. ബെഡ്റൂം കൂടാതെ അതിനോട് ചേർന്ന് രണ്ട് മുറികൾ കൂടി ഉണ്ട്.എല്ലാം ശീതീകരിച്ച മുറികൾ. വീട്ടിലെ മറ്റു മുറികൾക്കൊന്നും ശീതീകരണ സംവിധാനം ഇല്ല. അവൻെറ മുറികളിലും ടെറസ്സിലുമായി കുറഞ്ഞത് 1500 ചെടിച്ചട്ടികളെങ്കിലും കാണും.  എല്ലാത്തിലും വിവരങ്ങൾ കോഡ് ചെയ്ത് ടാഗ് ഉണ്ട്.  

ആരെങ്കിലും അനധികൃതമായി അവൻെറ സഞ്ചാരപഥത്തിൽ പ്രവേശിക്കുകയാണെങ്കിൽ 10 കി.മീ അകലെയുള്ള ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും നടപടികൾ ഉണ്ടാകും. അതിനാൽ അമ്മ പെങ്ങമ്മാരും ആരും അവിടെ അറിഞ്ഞോ, അറിയാതെയോ പ്രവേശിക്കുകയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അവൻെറ ഒരു മുറികളും ടെറസ്സും പൂട്ടിയിടാറില്ല. ഇനി അഥവാ പൂട്ടണമെങ്കിൽ റിമോട്ട് ലോക്കിങ് സംവിധാനമുണ്ട്.

ഉണ്ണിക്കുട്ടൻ കാലത്ത് 8.30 ആയാൽ  ഓഫീസിലേക്ക് പുറപ്പെടും. കമ്പനിവക ലേറ്റസ്റ്റ് BMW കാർ ഉണ്ട്. ഉച്ചക്കുണ്ണാൻ വീട്ടിലെത്താൻ പറ്റാത്ത അവസരങ്ങളിൽ ചൂടുചോറും കറികളും ഓഫീസിലേക്ക് കൊടുത്തയക്കും. വീട്ടിലെ സ്ഥിരം പണിക്കാരൻ ഗോവിന്ദൻനായർ ഓഫീസിലേക്ക് ലഞ്ച് കൊണ്ട് പോകും. ഉച്ചഭക്ഷണം വാഴയിലയിൽ ഉണ്ണാനാണിഷ്ടം. ഓഫീസിലേക്ക് ഭക്ഷണം കൊടുത്തയക്കേണ്ട ദിവസം ഗോമതിക്ക് വെപ്രാളമാണ്. 12 .30 മണിക്ക് ഭക്ഷണം ഓഫീസിലെത്തിയില്ലെങ്കിൽ അവൻ കഴിക്കില്ല. തിരിച്ച് കൊണ്ടുപൊയ്ക്കൊള്ളാൻ പറയും. . ഓഫീസിൽ സെൽഫ് സർവീസ് പാന്ററി ഉണ്ട്. അവിടെനിന്നും പിസ, ബർഗർ, മുതലായവ കഴിക്കും

ഓഫീസിൽ 1.30 - 2 വരെ ലഞ്ച് ബ്രേക്ക് ആണ്. ഡൈനിങ്ങ് റൂമിൽ ചിലർ ഉണ്ണിക്കുട്ടൻ വരുന്നത് വരെ കാത്തിരിക്കും. ഉണ്ണിക്കുട്ടൻെറ ടിഫിൻ ക്യാരിയറിൽ നിന്നും എന്തെങ്കിലും ചിലർക്ക് വേണം.   അയാൾക്ക് അതെല്ലാം ഷെയർ ചെയ്യാൻ താല്പര്യക്കുറവില്ല. ചിലർ അയാൾക്ക് അവരുടേതിൽ നിന്നും കൊടുക്കും. ഓഫീസിൽ ഇലയിൽ ലഞ്ച് കഴിക്കുന്നത് ഉണ്ണിക്കുട്ടൻ മാത്രം.സിസ്റ്റംസിലെ ഗായത്രി വിളമ്പിക്കൊടുക്കും.  അദ്ദേഹത്തിൻെറ ഊണ് കഴിഞ്ഞാൽ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി വെക്കും അവൾ. ഉണ്ണിക്കുട്ടന് ചില ദിവസം പാൽപായസം കാണും. സാധാരണ വെള്ളിയാഴ്ച്ചയാണ് പതിവ്.

ഒരു ദിവസം ഉണ്ണിക്കുട്ടൻ ഊണ് കഴിഞ്ഞ് എന്തോ മറന്ന് വെച്ചത് എടുക്കാൻ വന്നപ്പോൾ കണ്ട കാഴ്ച്ച അയാളെ അദ്ഭുതപ്പെടുത്തി.

[will be continued shortly]
അക്ഷരത്തെറ്റുകൾ ഉണ്ടായേക്കാം,  സദയം ക്ഷമിക്കുക.

Sunday, February 25, 2018

ശ്രീദേവി

എനിക്ക് പണ്ട് കൂടുതൽ ഇഷ്ടപ്പെട്ട നടിയായിരുന്നു ശ്രീദേവി.  ഞാൻ തിയേറ്ററിൽ സിനിമ കാണാറില്ല കുറച്ച് വര്ഷങ്ങളായി  .  ശ്രീദേവി  അന്തരിച്ചുവെന്ന് കേട്ടപ്പോൾ  ആദ്യം വിശ്വസിക്കാനായില്ല .

ഇന്ത്യൻ സിനിമാലോകത്തിന് വലിയൊരു നഷ്ടം തന്നെ ശ്രീദേവിയുടെ വിയോഗം .

ആദരാഞ്ജലികൾ നേരുന്നു .  

തുടർന്ന് എഴുതാം .




Thursday, February 1, 2018

എന്റെ എഴുപതാം പിറന്നാൾ

നാളെ ഫെബ്രുവരി രണ്ട് എന്റെ എഴുപതാം പിറന്നാൾ ആണ് . ആഘോഷിക്കണം എന്ന്  ആഗ്രഹം ഉണ്ട്. പക്ഷെ മക്കൾ ജോലിക്കാരായ കാരണം അവർക്ക് താല്പര്യം എല്ലാ എന്ന് വീട്ടുകാരി പറഞ്ഞു. അവൾക്കും മെനക്കെടാൻ വയ്യ . അതിനാൽ ആഘോഷം വേണ്ടെന്ന് വെച്ചു .

അവളെ വൈകിട്ട് അത്താഴത്തിന് പിസ  ഹട്ടിൽ കൊണ്ടുപോയി സൽക്കരിച്ചാൽ മതിയെന്ന് പറഞ്ഞു . അങ്ങിനെ ആകാം എന്ന്  ഞാനും പറഞ്ഞു.

എന്റെ ഷഷ്ടി പൂർത്തി ഭംഗിയായി ആഘോഷിച്ചിരുന്നു . അതിലും ഗംഭീരമായി സപ്തതി ആഘോഷം നടത്തണെമെന്ന് തന്നെ ആണ് മനസ്സിലുള്ളത്ത് - പക്ഷെ വീട്ടുകാരിക്ക് അതിലൊന്നും ഇപ്പോൾ മെനക്കെടാൻ വയ്യാ എന്ന കേട്ടപ്പോൾ ഞാൻ പിന്മാറി .

ശരിക്ക് മക്കളാണ് ഇതിനൊക്കെ മുൻപന്തിയിൽ നിൽക്കേണ്ടത് . ഗൾഫിൽ ജനിച്ച് വളർന്ന അവർക്ക് ഇതിലൊന്നും സന്തോഷം കാണാൻ ഇല്ലാ എന്ന തോന്നൽ ഉണ്ടാകാം ഒരു പക്ഷെ .

എന്റെ ഓഫിസിലെ കൂട്ടുകാർക്ക് ഫോസ്റ്റർ ഡ്രിങ്ക് + ഫ്രെയ്‌ഡ്‌ ചിക്കൻ കൊടുക്കണം  അല്ലെങ്കിൽ സഫയർ ബിരിയാണി + ലാൽ പാനി .

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

Thursday, January 11, 2018

കൈപ്പുണ്യം എന്നത് എല്ലാവർക്കും കിട്ടില്ല

കൈപ്പുണ്യം എന്നത് എല്ലാവർക്കും കിട്ടില്ല . അത് ഈശ്വരന്റെ വരദാനമാണ് . ഞാൻ ഇവിടെ പറയാൻ പോകുന്നത്  ചികിത്സിക്കുന്ന ഹെജി ഡോക്ടരെപ്പറ്റിയാണ് .

ഞാൻ കഴിഞ്ഞ ഏതാണ്ട്  കൊല്ലമായി ഫിസ്റ്റുല അസുഖക്കാരനാണ് . ഗൾഫിൽ നിന്നും സർജറി കഴിഞ്ഞു. അന്നേ  അവിടുത്തെ ഡോക്ടർ എന്നോട് പറഞ്ഞിരുന്നു , ഇത് വീണ്ടും വീണ്ടും വരുമെന്ന് . എന്നാലും മൂന്നു നാല് കൊല്ലം മരുന്നൊന്നും സേവിച്ചില്ല .

താമസിയാതെ വീണ്ടും രോഗം വന്നു. അപ്പോൾ നാട്ടിലേക്ക് വിവരം അറിയിച്ചപ്പോൾ കൊടകരയിലുള്ള ഹെബി എന്ന പെൺകുട്ടി എനിക്ക് ഹോമിയോ മരുന്ന് ഒമാനിൽ എത്തിച്ച് തന്നു. അങ്ങിനെ ഞാൻ ഹോമിയോ മരുന്നിൽ സൗഖ്യം പ്രാപിച്ച് തുടങ്ങി . പക്ഷെ അവിടെയും പൂർണ്ണമായി സുഖപ്പെട്ടില്ല . ഒരു മാസം കഴിച്ചാൽ കുറച്ച് നാൾ സുഖപ്പെടും , വീണ്ടും വന്നാൽ പിന്നെയും കഴിക്കും .

ഞാൻ സ്വദേശമായ കുന്നംകുളം ചെറുവത്താനിയിൽ നിന്നും തൃശൂരിലേക്ക് താമസം മാറ്റിയപ്പോൾ കൊക്കാലയിലുള്ള ഒരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന് എന്റെ അസുഖം മാറ്റാൻ കഴിഞ്ഞില്ല . അസുഖം കൂടിയപ്പോൾ ഞാൻ സർക്കാർ ആശുപത്രിയെ ശരണം പ്രാപിച്ചു . അവിടുത്തെ ഡോക്ടർമാർ വിദ്യാഭ്യാസ സമ്പന്നന്മാർ ആണ്, അതിനാൽ എനിക്ക് ശരിയായ ചികിത്സ കിട്ടി. സ്ഥിരമായി  ഒരു ഡോക്ടറെ കാണാമെന്ന് വെച്ചാൽ നടക്കില്ല , അവരെ എപ്പോഴാണ് ട്രാൻസ്ഫർ ചെയ്യുക എന്ന്  രോഗികൾക്ക് അറിയാനുള്ള ഒരു സംവിധാനവും ഇല്ല .

ഏതായാലും ഒരു നല്ല ഡോക്ടറെ എനിക്ക് തിരഞ്ഞെടുക്കുവാൻ സാധിച്ചു . ആ ഡോക്റ്ററുടെ ചികിത്സയിൽ  എന്റെ രോഗം കൺട്രോൾഡ് ആയി . ഞാൻ സന്തോഷവാനായി .

അങ്ങിനെ ഒരു ദിവസം ഞാൻ മരുന്ന് വാങ്ങാൻ ചെന്നപ്പോൾ ആണ്  അറിയുന്നത് എന്റെ ഡോക്ടറുടെ സ്ഥലം മാറ്റം . എന്തിന് പറേണ് അവിടെ ഒരു മാസത്തിനുള്ളിൽ എനിക്ക് കാണേണ്ട പുതിയ ഡോക്ടറെ സ്ഥലം മാറ്റിയിരിക്കുന്നു . ഞാൻ ആശുപത്രിയിൽ ഇരുന്ന് കുറെ കരഞ്ഞു . ആരോട് പറയാൻ എന്റെ ദുഃഖം . എല്ലാം വിധിയെന്നോർത്ത് സമാധാനിക്കുക തന്നെ .

നമ്മൾ ജനിക്കുമ്പോൾ ദൈവം തമ്പുരാൻ ഡിസൈൻ ചെയ്ത് വെക്കും നമ്മുടെ ജീവിത ചക്രം . ഭഗവാനോട്  കൂടുതൽ  അടുക്കുമ്പോൾ ചിലപ്പോൾ  നമ്മുടെ അസുഖത്തിന് തീവ്രത കുറയും . എനിക്ക് വയസ്സ് 70  കഴിഞ്ഞു - ജരാനര ബാധിക്കുമ്പോൾ ഇതൊക്കെ സംഭവിക്കാം .

അങ്ങിനെ കിഴക്കൻ പാട്ടുകാര ആശുപത്രിയിൽ മേൽ പറഞ്ഞ ഡോക്ടർ പുതിയതായി  ചാർജ്ജ് എടുത്തു . എന്റെ ഭാഗ്യമെന്ന് പറയട്ടെ എന്റെ അസുഖം തീർത്തും മാറിയതായിരുന്നു . അങ്ങിനെ ഇരിക്കെ ഒരു ദിവസം എനിക്ക് ഡോക്ടറെ കാണേണ്ട അത്യാവശ്യം ഉണ്ടായിരുന്നു . തീരെ വയ്യായിരുന്നു , കൂടെ വരാൻ ആരും ഇല്ല . ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ  ഫോണിൽ രോഗവിവരം പറഞ്ഞ് മരുന്ന് വാങ്ങാമായിരുന്നു .

എന്റെ ഡോക്ടർ ഒരു കൊച്ചുപെണ്കുട്ടിയാണ്, അതിനാൽ ഞാൻ ഫോൺ നമ്പർ ചോദിച്ചില്ല - ചോദിച്ച് കിട്ടിയില്ലെങ്കിൽ അത് പിന്നീട എനിക്ക് വിഷമമാകും . അങ്ങിനെ ഞാൻ തീർത്തും വിഷമിച്ച അവസ്ഥയിൽ തൽക്കാലം എന്തെങ്കിലും മരുന്ന് വാങ്ങിക്കാമെന്ന് വിചാരിച്ച് എന്റെ വീടിന്റെ അടുത്തുള്ള പൂത്തോൾ ആശുപത്രിയിൽ പോയി .

എന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല - അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത് എന്നെ നോക്കുന്ന ഹെജി ഡോക്ടർ. ഞാൻ ഈശ്വരനെ സ്തുതിച്ചു , ഞാൻ എന്നും കാണുന്ന എന്റെ അച്ചൻ തേവരോട് നന്ദി പറഞ്ഞു . കൂർക്കഞ്ചേരിയിലെ തങ്കമണി കയറ്റത്തുള്ള മഹാ ക്ഷേത്രമാണ് "അച്ഛൻ തേവർ ശിവ ക്ഷേത്രം .

കൊക്കാലയിലുള്ള എന്റെ വീട്ടിന്നടുത്താണ് പൂത്തോൾ സർക്കാർ ഹോമിയോ ആശുപത്രി . പുതിയ ആശുപത്രിയായതിനാൽ , തീരെ അസ്വസ്ഥത തോന്നില്ല കാത്തിരിക്കാൻ . ധാരാളം കസേരകളും , വിശാലമായ ലോബിയും, ഫാർമസിയും , കുടിവെള്ളവും ,ടോയലറ്റ്  സൗകര്യവും ഒക്കെ ഉണ്ട് ഇവിടെ .

കിഴക്കുംപാട്ടുകരയിലെ പോലെ മുതിർന്ന പൗരന്മാർക്കുള്ള പരിഗണന ഇവിടെ ഇല്ല .  അതൊഴിച്ചാൽ പൂത്തോൾ സ്വർഗം തന്നെ . ഞാൻ ഇന്നും പോയി ഹെജി ഡോക്ടറെ കണ്ടു . അതിനിടക്ക് ഒരു ദിവസം പോയപ്പോൾ ഡോക്ടർക്ക് ചിക്കൻപോക്സ് ആണെന്ന് പറഞ്ഞു . ഞാൻ അച്ഛൻ തേവരോട് ഡോക്ടറുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു .

ഹെജി ഡോക്ടറുടെ കൈപ്പുണ്യത്താൽ ഞാൻ സംതൃപ്തനാണ് . ഡോക്ടർക്കും  കുടുംബത്തിനും അച്ഛൻ തേവർ എല്ലാ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യട്ടെ .

Monday, January 1, 2018

തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാടി പുഴുക്കും .

ഇന്ന് ധനുമാസം ൧൮ [18 ] . ധനുമാസത്തിലെ തിരുവാതിര കേരളത്തിൽ പ്രധാനമാണ് . പ്രത്യേകിച്ച് തൃശൂർ അച്ഛൻ തേവർ ശിവ ക്ഷേത്രത്തിൽ . കഴിഞ്ഞ കൊല്ലം ഞാൻ കിടപ്പിലായ കാരണം പോകാൻ പറ്റിയില്ല കഞ്ഞി കുടിക്കാൻ . ഇവിടെ എല്ലാ തിരുവാതിര നാളിലും [ശിവന്റെ നക്ഷത്രം ] പ്രസാദ ഊട്ട് ഉണ്ട് . ധനുമാസത്തിലെ തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാടി പുഴുക്കും .

വൈകീട്ട് ദീപാരാധനക്ക് ശേഷം പ്രഭാഷണവും, അതിനു ശേഷം മാതൃസമിതിയുടെ തിരുവാതിരകളിയും .

ഒരു മണിക്ക് മുൻപ് വന്നാൽ കഞ്ഞിയും പുഴുക്കും കഴിക്കാം.  തൃശൂരിൽ നിന്ന് കൂർക്കഞ്ചേരി
-കൊടുങ്ങല്ലൂർ റൂട്ടിൽ ശക്തൻ ബസ് സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്ത് തങ്കമണി കയറ്റത്തിലാണ് അച്ഛൻ തേവർ ശിവ ക്ഷേത്രം .

ഇതൊരു മഹാക്ഷേത്രമാണ് . ശിവൻ, പാർവ്വതി, ഗോശാലകൃഷ്ണൻ , ഗണപതി , അയ്യപ്പൻ, സുബ്രമണ്യൻ , നാഗരാജാവ് , ബ്രഹ്മരക്ഷസ്സ് , ഗോഗീശ്വരൻ , ഹനുമാൻ . കൂടാതെ പടിഞ്ഞാറേ  നടയിൽ  ഒരു സ്വാമിയും കൂടിയതാണ് ഈ ക്ഷേത്രം .

അച്ഛൻ തേവർ ക്ഷേത്രത്തിലെ ഹനുമാൻ സ്വാമിയോട് എന്ത് ആവശ്യപ്പെട്ടാലും നമ്മൾ അതിന് യോഗ്യനാണെങ്കിൽ സാധിച്ച് തരും .

വരൂ കൂട്ടരേ ഞങ്ങളുടെ അമ്പലത്തിലേക്ക്