Sunday, June 30, 2013

പശുവിന്‍ ചാണകത്തിന്റെ ഗന്ധം

memoir

ധന്വന്തരീ ക്ഷേത്രത്തിലെ അന്നദാനം വളരെ വിശിഷ്ടമാണെന്ന് തന്നെ പറയാം. മിഥുനമാസത്തിലെ തണുപ്പില് ഉച്ചക്ക് ആവി പറക്കുന്ന ചോറും സാമ്പാറും കൂട്ടുകറികളുമായി കഴിക്കാന് പറ്റുക എന്നത് ഒരു പുണ്യം തന്നെ ആണ്.
ഞാന് എന്റെ ജീവിതത്തില് ഒരു ദേവാലയത്തില് നിന്നും തുടര്ച്ചയായി ഒരു ആഴ്ച ഭക്ഷണം കഴിച്ചിട്ടില്ല.

രോഗങ്ങളില് നിന്നും മുക്തി നേടിത്തരുന്ന ആയുര്വ്വേദത്തിന്റെ ആചാര്യനാണല്ലോ ധന്വന്തരീ ദേവന്‍..., അഞ്ചുപത്തേക്കര്‍ വിസ്ത്രിതിയുള്ള  ക്ഷേത്രാങ്കണത്തില്‍ 120 കിടക്കകളുള്ള ഒരു ആയുര്‍വ്വേദാശുപത്രിയും ഉണ്ട്. അങ്കണം നിറയെ ഹെര്‍ബല്‍ സസ്യജാലങ്ങളും, അത്തി, ഇത്തി, പേരാല്‍, കരിവേപ്പ് തുടങ്ങിയ മരങ്ങളും.

ഇന്ന് ഉച്ചയൂണിന് വിഭവങ്ങള് ഏറെ. ചോറ്, മാങ്ങാ അച്ചാര്, പച്ചടി,പപ്പടം, സാമ്പാര്‍, പുളിശ്ശേരിരസം, മോര്, പായസം. വയറുനിറയെ കഴിക്കും. എന്നിട്ട് മരച്ചുവട്ടില് ഇരുന്ന് വിശ്രമിക്കും പത്തുമിനിട്ട്.

അങ്ങിനെ അങ്ങിനെ ഇന്നെത്തെ പച്ചടിയുടെ  സ്വാദ് നുണഞ്ഞ് നുണഞ്ഞ്, പുളിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോള്‍ ഞാന് ചെറുതായി ഒന്ന് മയങ്ങിയതറിഞ്ഞില്ല.

എന്തൊരുസുഖം ഇവിടെ ഇരിക്കാന്‍, വീശിയടിക്കുന്ന മന്ദമാരുതന്‍, കിളികളുടെ ആരവും, കുയിലിന്റെ നാദവും. കൂടാതെ ചാണകത്തിന്റെ നേരിയ ഗന്ധവും.

എനിക്ക് പണ്ടേ ചാണകത്തിന്റെ ഗന്ധം ഇഷ്ടമാണ്. വാകമരച്ചുവട്ടില് ഒരു പശു മേയുന്നു. അവളോട് കിന്നാരം പറഞ്ഞു. ഫോട്ടോക്ക് പോസ് ചെയ്യാന് പറഞ്ഞപ്പോള്‍ അവള്ക്കൊരു നാണം.

അവളുടെ നിറഞ്ഞ അവിട് കണ്ടപ്പോള് കൃഷ്ണനെ പോലെ എനിക്കും ഒരു കവിള് പാല്  കുടിക്കാന് തോന്നി. ചവിട്ടിയാലും കുത്തിയാലും വേണ്ടില്ല എന്റെ പാറുകുട്ടിയല്ലേ...?

പാറുകുട്ടീ എന്ന് വിളിച്ചപ്പോള് അവള് തലയാട്ടി.

എല്ലാം കൊണ്ടും ഇന്നെത്തെ ദിവസം ധന്യമാണ്. എന്റെ കണ്‍പോളകള് മന്ദമാരുതനേറ്റ് വീണ്ടും അടഞ്ഞു. എന്റെ മയക്കം കണ്ട് കുശുമ്പ് തോന്നിയ ഒരു കിളി - കുയിലാണെന്ന് തോന്നുന്നു എന്റെ മൊട്ടത്തലയില് കാഷ്ടിച്ചു.

കോവൈയില്  മിഥുനമാസത്ത് പൊടി മഴ മിക്കതും ഉണ്ട്, പിന്നെ ചെറിയ ചാറലും.. ഇളം ചൂടുള്ള എന്തോ തലയില് പതിച്ചപ്പോള്‍ ഞാന് അത്ഭുതപ്പെട്ടു.. 

ഇതെന്തോ സള്‍ഫര് മഴയോ...?” തലയില്‍ തടവി നോക്കിയപ്പോളാണ് മനസ്സിലായത് ഇതവന്റെ അമേദ്യം ആണെന്ന്. മുകളിലേക്ക് നോക്കിയപ്പോള് കുയില് എന്നെ നോക്കി കൂകിക്കൂകി കളിയാക്കിച്ചിരിച്ചു...


കിളികള് പലപ്പോഴും എന്റെ തലയില് ഇങ്ങിനെ  അമേദ്യം  ചെയ്യാറുണ്ട്. ഞാന് അവരെ കുറ്റപ്പെടുത്തുകയോ, കല്ലെടുത്തെറിയുകയോ, ചീത്തവിളിക്കുകയോ ചെയ്യാറില്ല.. എന്നിരുന്നാലും ഇന്നെനിക്ക് ചെറിയതായി സങ്കടം വന്നു. നേരിയ തോതില്‍ കാഷ്ടം എന്റെ കറുത്ത ഷര്‍ട്ടില്‍  പതിച്ചു..

എനിക്ക് കൊക്കിന്‍ കാഷ്ടം ഇഷ്ടമാണ്.. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ പണ്ട് കാക്കാത്തുരുത്തില്‍ കൊക്കിന്‍ മുട്ട മോട്ടിക്കാന്‍ മരക്കൊമ്പുകളില്‍ ചേക്കാറുണ്ട്. മുട്ട  മോട്ടിച്ച് കുറ്റിക്കാടുകളിലിരുന്ന് നാല് ഞണ്ടിനേയും പരലുകളേയും പിടിച്ച്, ഈ മുട്ടയില്‍ ചേര്‍ത്ത്  ഓം ലെറ്റുണ്ടാക്കിത്തിന്നും.

ചിലപ്പോള്‍ കുറ്റിക്കാട്ടില്‍ നിന്നും ചാരായം വാറ്റാനുള്ള വാഷ് കുടത്തിലായി ഒളിപ്പിച്ച് വെച്ചിരിക്കുന്നത് കാണും. അതില്‍  നിന്നും തേക്കിലക്കുമ്പിളുണ്ടാക്കി ചെറുതായി സേവിക്കും.

അപ്പോള്‍ തോന്നും ഒന്ന് വെറ്റില മുറുക്കാന്‍.., ഉടനെ ആരുടേയെങ്കിലും തൊടിയിലെ കവുങ്ങില്‍  കയറി അടക്കയും വെറ്റിലയും പറിക്കും. മുറുക്കാന്‍ ചുണ്ണാമ്പിന് പകരം കൊക്കിന് കാട്ടം വെട്ടിലയില്‍ തേക്കും.. 

അങ്ങിനെ കുറെ കൊക്കിന്‍ കാഷ്ടങ്ങള്‍  തിന്ന് പരിചയം ഉള്ള എനിക്ക് കിളികളുടെ കാഷ്ടം അറപ്പുളവാക്കാറില്ല. പക്ഷെ വേഷഭൂഷാദികളിലെല്ലാം അവ സ്പ്രേ  ചെയ്താല്....?!!

ഞാന്‍  വീണ്ടും മയക്കത്തിലേക്ക് പോയി, പക്ഷെ  ഇരിപ്പിടം കിളീസിന്റെ  കാഷ്ടം തലയില് വീഴാത്ത മറ്റൊരു മരച്ചുവട്ടിലേക്ക്.

സമയം സന്ധ്യയോടടുത്തോ എന്നൊരു സംശയം..പാതി തുറന്ന മിഴിയില് കൂടി നോക്കിയപ്പോള് ചുരുണ്ട മുടിയുള്ള ഒരു സുന്ദരി നടന്നകന്ന് പോലെ തോന്നി.. “സ്ഥലകാലബോധമില്ലാതെ, ഞാന് സെക്കന്തരാബാദിലെ ബെന്സിലാല്  പേട്ടയിലാണെന്ന്“.. അവിടെ വെച്ചാണവളെ അവസാനമായി  കണ്ടത്.

എനിക്ക് നേരിയതോതില്‍ കണ്ഫ്യൂഷന്‍, ഞാന് മിഴികള് തുറന്ന് നോക്കിയപ്പോള് എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.


[അടുത്ത ഭാഗത്തോട് കൂടി സമാപിക്കും]


Monday, June 17, 2013

ഇനി എന്റെ പുറകെ വരല്ലേ സുന്ദരീ…

സുപ്രഭാതം ബിന്ദു.... എനിക്ക് കുറച്ച് നാളായി ഈ തക്കാളിച്ചേട്ടനേയും അവന്റെ പെണ്ണിനേയും പേടിയാ… ഇവരെ ശാപ്പിട്ടാല് യൂറിക്ക് ആസിഡിന്റെ അളവ് കൂടുമത്രേ…?!

ഈ  ആസിഡ് കൂടിയാല് ഗൌട്ട് എന്ന അസുഖത്തിന്നടിമയാകും. കൊഴുത്ത് തടിച്ച ഈ ചുമന്ന സുന്ദരിമാരെ കാണുമ്പോള് ആര്‍ക്കാ കൊതി വരാത്തത്. ഇവരെ ഒരു മിക്സിയിലിട്ട് ബ്ലെന്ഡ് ചെയ്ത് കുറച്ച് പഞ്ചാരയും ചേര്‍ത്ത് കുടിക്കുമ്പോള്…ഹാ  ഇതിലും  വലിയ ആനന്ദം ലോകത്തൊന്നുമില്ല എന്നൊരു തോന്നലും.

ഇവളെ ഏത് തീന്‍ മേശപ്പുറത്തും കാണാം. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് ലൈഫിന് ഇവളില്ലാതെ പറ്റില്ല. പിസ്സയിലും ഫ്രൈഡ് ചിക്കനും നോ  ലൈഫ് വിത്തൌട്ട്  ദിസ് ചുവപ്പു സുന്ദരി..

എന്നാലും എന്റെ തക്കാളി സുന്ദരീ… ഇത്ര കാലം നീ എന്നെ സ്നേഹിച്ചു. നിന്നെ ഇട്ടുതിളപ്പിച്ച  രസം കുടിക്കാനെന്തുരസമാണെന്നോ ഈ തണുപ്പാന്‍ കാലത്ത്

പിന്നെ നീ ഇല്ലാത്ത സാമ്പാര്‍ കഴിക്കാനൊരു രസവുമില്ല. ഇതെല്ലാം മുതലെടുത്ത് നീ ചിലരെ ഉപദ്രവിക്കുന്നു.

നീ ഇത്രയും കുഴപ്പക്കാരി ആണെന്ന് ഞാന് അടുത്ത കാലത്താണ് മനസ്സിലാക്കിയത്.. എന്നെ ഒരു ഓട്ടോക്കാരന്‍  റോഡില് ഇടിച്ചുവീഴ്ത്തി, തോളെല്ല് പൊട്ടി കിടപ്പിലായി  ഒരു മാസം. മുറിവും ചതവുമെല്ലാം ഓക്കെ ആയി കഴിഞ്ഞപ്പോള് ഒരു ഭാഗത്തെ മാത്രം ചില കൈ  വിരലുകള്‍ പൂര്ണ്ണമായും  മടക്കി നിവര്ത്താന് പറ്റാതെ ആയി. തണുപ്പ് തട്ടുമ്പോള് അവക്ക് മരവിപ്പും.

ഇപ്പോള് ഡോക്ടറുടെ ഭാഷ്യം ഞാന് യൂറിക്ക് ആസിഡിന്റെ പിടിയിലാണെന്ന്. ശരീരത്തിലെ ചെറുകിട ജോയിന്റ്സില് പരലുകളായി ഇവ അടിഞ്ഞുകൂടി അസഹ്യമായ വേദനയും കാലക്രമേണ ഗൌട്ട് രോഗികള്ക്ക് ആര്ത്രൈറ്റിസ് എന്ന് വിളിക്കുന്ന സന്ധി വേദനയെന്ന മാരക രോഗത്തിന്റെ പിടിയിലമരുന്നു.

അതിനാല്‍  ഈ പ്രിയ ചുവപ്പ്  സുന്ദരിയെ പരിധിയില് കവിഞ്ഞ് നുകര്ന്നാല് ഫലം നിരാശയാകും.. സാധാരണ ഈ ഗൌട്ട് എന്ന രോഗം മദ്ധ്യവയസ്കരാണില്  കാണുക. ചിലര്‍ക്ക്  യൂറിക്ക് ആസിഡിന്റെ  ലെവല്  കൂടിയാലും പ്രത്യേക  ലക്ഷണങ്ങള് കാണില്ലത്രെ.

എന്റെ ഡോക്ടര് ജിം പറഞ്ഞു യൂറിക്ക് ആസിഡ് ലെവല് 7  ല്  കൂടിയാല് മരുന്ന് കഴിക്കണം. സൈലോറിക്ക് എന്ന ഗുളിക ചുരുങ്ങിത് 100 mg.  അതൊക്കെ കഴിച്ചിട്ടും കൈ വിരലുകള്‍ പൂര്വ്സ്ഥിതിയില്‍ ആകാതെ വന്നപ്പോള്‍   ഓര്ത്തോ ഡോക്ടര് പറഞ്ഞു ഒരു ന്യൂറോ വിദഗ്ദനെ കാണാന്.അദ്ദേഹവും വിലയിരുത്തി ഈ തകരാറ് യൂറിക്ക് ആസിഡ് ചേട്ടന്റെ വിഹാരത്തോട് കൂടിയാണത്രെ.

ഇപ്പോല് ന്യൂറോ ഡോക്ടര്‍ മേനോന്‍ ചേട്ടായി പറേണു ഈ സൈലോറീക്ക് ആള് സുഖമില്ല, പകരം ഫെബുട്ടാസിനെ പ്രേമിക്കാന്.  അങ്ങിനെ ഞാന്‍ ഫെബുട്ടാസ് നാല്പതിനെ ദിവസത്തിലൊരിക്കല് എന്റെ സ്നേഹിതനാക്കി.

എന്നാലും  എന്റെ സുന്ദരീ നീ ഇത്ര കുഴപ്പക്കാരിയാണെന്ന് ഞാന്‍ മനസ്സിലാക്കിയപ്പോള്‍ വളരെ വൈകി…

ഞാന് അടുത്ത് ഒരു ആയുര്വ്വേദ ഡോക്ടറെ കണ്ട് എന്റെ ദയനീയാവസ്ഥ  പങ്കുവെച്ചു.

അദ്ദേഹം പറഞ്ഞു തക്കാളി സുന്ദരിയെ വിടാന്‍,  തീരെ ബുദ്ധിമുട്ടാണെങ്കില് അവളുടെ കുരു നീക്കി പ്രയോഗിച്ചോളാന്. ഞാന് ഏതായാലും അവളെ എന്റെ ജീവിതത്തില് നിന്ന് ഒഴിവാക്കി..

ഇനി എന്റെ പുറകെ വരല്ലേ സുന്ദരീ.



Friday, June 14, 2013

ചൂടുള്ള ശര്‍ക്കര പായസം

ഇന്ന് ഷഷ്ടി , മിഥുനം ഒന്നാംതിയതി .എല്ലാവർക്കും നല്ല ദിവസം നേരുന്നു 

കര്‍ക്കിടമാസത്തിലെ ആനയൂട്ട്


ഇന്ന് കാലത്ത് എന്റെ ശ്രീമതി വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പോയി തൊഴുതുവന്നു. മഴക്കാലമായതിനാല്‍ എനിക്ക് ചില ആരോഗ്യപ്രശ്നങ്ങളാല്‍ സുഖമായ ക്ഷേത്രദര്‍ശനം വയ്യ. അതിനാല്‍ പോയില്ല.

ഞാന്‍ സാധാരണ കൂര്‍ക്കഞ്ചേരിയിലുള്ള അച്ചന്‍ തേവര്‍ അമ്പലത്തിലാണ് പോകുക. അവിടെ വൈകിട്ട് ദീപരാധനക്ക് മിക്കതും പോകും. എന്റെ സമപ്രായക്കാരായ പത്മജ ടീച്ചര്‍, ഇന്ദിര ടീച്ചര്‍, മീര ചേച്ചി, ബീന എന്ന മോളി ചേച്ചി, പ്രേമ ചേച്ചി, സരസ്വതി ചേച്ചി, വത്സലാ ആന്റി പിന്നെ വിജയേട്ടന്‍ ദാസേട്ടന്‍ സുകുമാരേട്ടന്‍ മുതല്‍ പേര്‍ ഉണ്ടാകും.

ഞാന്‍ തൃപ്പുക കഴിയുന്നതും വരെ അവിടെ ഇരിക്കും. തൃപ്പുക കഴിഞ്ഞാല്‍ നല്ല ചൂടുള്ള ശര്‍ക്കര പായസം കഴിക്കാന്‍ കിട്ടും. മുപ്പെട്ട് വെള്ളിയാഴ്ച, മുപ്പെട്ട് ശനി ദിവസങ്ങളില്‍ എങ്ങിനെയെങ്കിലും വൈകിട്ട് ഇവിടെ ഓടിയെത്തും..

മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് ഉണ്ണിയപ്പം നിവേദിക്കും. അച്ചന്‍ തേവരിലെ ഉണ്ണിയപ്പത്തിന്റെ രുചി പറഞ്ഞറിയിക്കാന്‍ പ്രയാസം. മുപ്പെട്ട് ശനിക്ക് ഹനുമാന്‍ സ്വാമിക്ക് വടമാല ഉണ്ടാകും. നല്ല മൊരിഞ്ഞ വട കിട്ടും. എല്ലാം ശാപ്പിട്ട് വയറുനിറയും ചില ദിവസങ്ങളില്‍, അപൂര്‍വ്വം ദിവസങ്ങളില്‍ അവില്‍ നിവേദ്യവും ഉണ്ടാകും.

എന്റെ മരുമകള്‍ സേതുലക്ഷ്മിക്ക് കോയമ്പത്തൂര്‍ IDBI ല്‍ ജോലി കിട്ടിയ സന്തോഷത്തിന് ഞാന്‍ ഗോശാലകൃഷ്ണന് 101 ഉണ്ണിയപ്പം വഴിപാട് ശീട്ടാക്കി. നിവേദിച്ച് കിട്ടിയതിന് ശേഷം എല്ലാ‍ ഉണ്ണിയപ്പവും അവിടെ ദീപാരാധനക്ക് വന്നിരുന്ന ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും കുട്ടികള്‍ക്കും വിതരണം ചെയ്തു.

നിങ്ങളും വരൂ തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്തിലുള്ള അച്ചന്‍ തേവര്‍ [LORD SHIVA] ക്ഷേത്രത്തിലേക്ക്. ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വരാന്‍ തോന്നും.

എല്ലാവര്‍ക്കും നല്ലൊരു സുദിനം നേരുന്നു.

Tuesday, June 11, 2013

പറവൂരില്‍ നിന്നൊരു കയറ് കട്ടില്‍

memoir

എനിക്ക് ഒരു കൂട്ടുകാരി ഉണ്ടവിടെ മാലിയങ്കര കോളേജില്‍ ലക്ചറര്‍ ആയിരുന്നു. പിന്നെ അളിയന്റെ   വധൂഗൃഹവും അവിടെ. അങ്ങിനെ കുറച്ച് പേരുണ്ടവിടെ.

 പിന്നെ എന്റെ ബാല്യകാലത്ത് കുഞ്ഞുലക്ഷ്മി ചേച്ചിയുടെയും ആനന്ദച്ചേച്ചിയുടേയും വീട്ടില്‍ പോകുമായിരുന്നു. ഒരിക്കല്‍ അവിടെ നിന്ന് കയറ് കട്ടിലും മറ്റും കൊണ്ട് വന്നിരുന്നു അച്ചന്‍...

ഇന്നെനിക്ക് പറവൂരില്‍ നിന്ന് ഒരു പുതിയ കൂട്ടുകാരിയെ പരിചയപ്പെടാനായി... “ജയശ്രീ..” അപ്പോഴാണ് പണ്ട് ഞാന്‍ ചെറുപ്പത്തില്‍ പറവൂരില്‍ പോയ കാര്യം ഓര്‍ക്കുന്നത്..

ആ കഥ കുറച്ച് വലുതാണ്. ചുരുക്കിപ്പറയാന്‍ നോക്കാം.. എന്റെ ചേച്ചിയുടെ ട്രെയിനിങ്ങ് കോളേജിലെ കൂട്ടുകാരികള്‍ ആയിരുന്നു കുഞ്ഞി ലക്ഷ്മി ചേച്ചിയും ആനന്ദച്ചേച്ചിയും.. ട്രെയിങ്ങ് കോളേജ് ഹോസ്റ്റലില്‍ കുറുമ്പനായ ഈ ഞാനെന്ന “ഉണ്ണിയും” അന്തേവാസി ആയിരുന്നു. ഹോസ്റ്റലിലെ ഏക കുട്ടി.. ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന എന്റെ അമ്മക്ക് ഞാനില്ലാതെ ഒരിടത്തും താമസ്ക്കാനാകുമായിരുന്നില്ലത്രെ. എനിക്ക് ഒരു അനിയനുണ്ട്. ശ്രീരാമന്‍ [ഇപ്പോഴത്തെ ഫിലിം സ്റ്റാര്‍ വി.കെ. ശ്രീരാമന്‍].

ചേച്ചി സ്കൂളില്‍ പോകുമ്പോള്‍ ഹോസ്റ്റലിന്റെ അടുത്ത വീട്ടിലെ മറിയാമ്മ ചേട്ടത്തിയാണത്രെ എന്നെ നോക്കുക. അങ്ങിനെ ഞാന്‍ ഹോസ്റ്റലിലും സമീപ വീട്ടുകളിലും ഒരു ഹീറോ ആയത്രെ... വൈകിട്ട് കോളേജില്‍ നിന്ന് ടീച്ചര്‍മാരെല്ലാം വന്നല്‍ എല്ലാവരും എന്നെ താലോലിക്കും എന്നൊക്കെ ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്.

ടീച്ചര്‍മാരില്‍ കുഞ്ഞുലക്ഷ്മിച്ചേച്ചിയോടായിരുന്നു എന്റെ ചേച്ചിക്ക് പ്രിയം. ഈ ആനന്ദച്ചേച്ചി കുഞ്ഞുലക്ഷ്മി ചെച്ചിയുടെ ആരായിരുന്നു എന്നെനിക്ക് ഓര്‍മ്മ ഇല്ല.. ആനന്ദച്ചേച്ചി വെളുത്ത് തടിച്ച സുന്ദരി ആയിരുന്നു. കുഞ്ഞുലക്ഷ്മി ചേച്ചി കറുത്തതും... അവരുടെ മുഖം വളരെ മങ്ങിയ തോതില്‍ എന്റെ മനോമണ്ഡലത്തില്‍ വിരിയുന്നു..

എനിക്കന്ന് ആറോ ഏഴോ വയസ്സ് ആയിക്കാണും. അച്ചന്‍ കൊളംബോയില്‍ നിന്ന് വന്നപ്പോള്‍ എല്ലാരും കൂടി പറവൂരേക്ക് പോയി. അവിടുത്തെ ചേച്ചിക്ക് ഒരു ചേട്ടന്‍ ഉണ്ടായിരുന്നു..”രാജേട്ടന്‍”..

നിറയെ തോടുകളും പുഴയും ഒക്കെ ഉണ്ടായിരുന്ന ഗ്രാമീണപ്രദേശമാണ് എന്റെ മനസ്സില്‍ നിറയുന്നത്. വൈകുന്നേരം മീന്‍ കൂട്ടാനും മീന്‍ പൊരിച്ചതും താറാവുകറിയും ഒക്കെ തിന്ന് വയറ് നിറയും. പിന്നെ കക്ക ഇറച്ചിയും പുട്ടും പത്തിരിയുമൊക്കെ കാലത്തും വൈകിട്ടും.

ഒരു ദിവസം അവിടുത്തെ ഓലമേഞ്ഞ സിനിമാക്കൊട്ടയില്‍ “രാരിച്ചന്‍ എന്ന പൌരന്‍” സിനിമക്ക് കൊണ്ട് പോയി. ഞാന്‍ ജീവിതത്തില്‍ അന്നാണ് ആദ്യമായി സിനിമ കാണുന്നത്..

വൈകുന്നേരമാകുമ്പോള്‍ എനിക്ക് പറമ്പില്‍ നിന്ന് വരുന്ന മണം പിടിക്കാതെ വന്നു. തെങ്ങിന് ഇടുന്ന മീന്‍ വളത്തിന്റെ മണവും, തോട്ടിലെ ചകിരി ചീഞ്ഞ മണവും.. ഈ  മണം എനിക്ക് ഇന്നും ഓര്‍മ്മ വരുന്നു..

ഞങ്ങള്‍ക്കുറങ്ങാന്‍ കയറ്റുകട്ടിലായിരുന്നു. ഞാന്‍ അതില്‍ കയറി നിന്ന് സര്‍ക്കസ്സ് കളിക്കുമായിരുന്നു. എന്റെ അച്ചനും ഇഷ്ടമായി അത്തരം കട്ടില്‍, അങ്ങിനെ കുഞ്ഞുലക്ഷ്മിച്ചേച്ചിയുടെ അച്ചനോട് എന്റെ പിതാവ് ഒരു  കട്ടില്‍ വേണമെന്ന് പറഞ്ഞു.

ഞങ്ങള്‍ മടങ്ങുമ്പോള്‍  ഒരു കയറ്റുകട്ടിലും കൊണ്ടാണ് ഞങ്ങളുടെ കുന്നംകുളത്തുള്ള ചെറുവത്താനി ഗ്രാമത്തില്‍ എത്തിയത്. ഇന്നും ഞങ്ങളുടെ വീട്ടില്‍ ആ കട്ടില്‍ കേടുകൂടാതെ ഉണ്ട്..

കട്ടിലിന്റെ കാലും ഫ്രെയിമും തേക്കിന്‍ തടി ആണ്.. ഇപ്പോള്‍ ആ കട്ടിലിന് സുമാര്‍ അറുപത് വയസ്സായിക്കാണും. എനിക്ക് തറവാട് ഭാഗിച്ചപ്പോള്‍ വീട്ടുസാമഗ്രികള്‍ ഒന്നും തന്നില്ല എന്റെ ചേച്ചി.. വയസ്സുകാലത്ത് ചേച്ചിക്ക് കൂടുതല്‍ പ്രിയം ശ്രീരാമനോട് ആയിരുന്നു.

അച്ചന്‍ കൊളംബോയില്‍ നിന്ന് കൊണ്ടുവന്ന ഡിന്നര്‍ സെറ്റുകളും വെള്ളിത്തളികകളും മറ്റുമായി പുര നിറയെ സാധനങ്ങള്‍ ഉണ്ടായിട്ടും ഒരു സ്റ്റീല്‍  സ്പൂണ്‍ പോലും തന്നില്ല..

ഇനി തറവാട്ടില്‍ പോകുമ്പോള്‍ പറവൂരില്‍ നിന്ന് കുഞ്ഞുലക്ഷ്മി ചേച്ചിയുടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന “കയറ്റുകട്ടില്‍” കൂടെ കൊണ്ട് വരണം..

പറവൂരിലെ ഓര്‍മ്മകളില്‍ മാലിയങ്കര കോളേജിലെ ഗീത ടീച്ചറും സ്ഥാനം പിടിക്കുന്നു. സൌകര്യം പോലെ ബാക്കി ഭാഗം പങ്കുവെക്കാം.

Thursday, June 6, 2013

കുപ്പിവളകള്‍

കുപ്പിവളകള്‍

വൈഷ്ണവിയുടെ ചുമരിലെ കുപ്പിവളകള്‍ കണ്ടപ്പോളാണ്, എന്റെ ബാല്യത്തിലെ എന്റെ കളിക്കൂട്ടുകാരിയെ പറ്റി എനിക്കോര്‍മ്മ വരുന്നത്.

കുപ്പിവളകള്‍ ഇഷ്ടപ്പെടാത്ത പെണ്ണുങ്ങളുണ്ടോ...?  ഇന്നെത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഇഷ്ടമില്ലായിരിക്കാം. എന്റെ ശ്രീമതിക്ക് ഇപ്പോഴും ഇഷ്ടമാ. ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ പേരക്കുട്ടി കുട്ടിമാളുവിന് കുപ്പിവള വാങ്ങാറുണ്ട്. പക്ഷെ അപ്പോളൊന്നും ഞാന്‍ എന്റെ കളിക്കൂട്ടുകാരിയെ ഓര്‍ക്കാറില്ല.

എന്റെ ചെറുപ്പം എന്ന് പറഞ്ഞാല്‍ ഏതാണ്ട് പത്തമ്പത് കൊല്ലം പുറകോട്ട് പോകാം. അന്ന് പരിഷ്കാരങ്ങള്‍ ഒട്ടുമില്ലാത്ത മലബാറിലെ ഞമനേങ്ങാട്ടായിരുന്നു എന്റെ ബാല്യം.

അഞ്ചേക്കറ് വിസ്താരമുള്ള ചുറ്റും നെല്പാടങ്ങളുള്ള ഒരു തറയിലായിരുന്നു എന്റെ വീട്. കളരിത്തറ ഉണ്ടായിരുന്നതിനാലാണൊ അതോ ഇത്തരം ഒരു തറയിലാണൊ വീട് എന്നതിനാലാണോ, “തറയില്‍” എന്നായിരുന്നു ഈ വീടിന്റെ വിളിപ്പേര്. ഒരു പക്ഷെ “വെട്ടിയാട്ടില്‍” എന്ന  പേര് പലര്‍ക്കും അറിയുമായിരുന്നില്ല.

നാട്ടില്‍ കുപ്പിവളകള്‍  പ്രചാരമാകാന്‍ മുഖ്യകാരണം “വളക്കാരി കല്യാണേട്ടത്തി“ എന്ന നാട്ടുകാരിയാണ്. ഞമനേങ്ങാട്ട് അന്ന് കൂടുതലും മുസ്ലീം കുടുംബങ്ങളായിരുന്നു. തട്ടമിട്ട പെണ്‍കുട്ടികള്‍ കുപ്പി വളയണിഞ്ഞ് മദ്രസയിലേക്കും പിന്നീട് സ്കൂളിലേക്കും പോകുന്നത് നല്ലൊരു അഴകായിരുന്നു.

ഞാന്‍ പലപ്പോഴും ഇവരെ കണ്‍കുളിര്‍കെ കാണാറുണ്ടായിരുന്നു. എന്റെ വീട്ടിലും ഉണ്ടായിരുന്നു കുറേ  പെണ്‍കുട്ടികള്‍, അവര്‍ക്കെല്ലാം കല്യാണേട്ടത്തി വരുമ്പോള്‍ അച്ചമ്മ വള വാങ്ങിക്കൊടുക്കും. ഞാന്‍ ഏട്ടത്തിയെ കാണുമ്പോള്‍ ചോദിക്കാറുണ്ട്... “ഈ ആണ്‍ കുട്ടികള്‍ക്കുള്ള വളകളൊന്നും ഇല്ലേ...?”

കല്യാണേട്ടത്തി എന്നെ നോക്കി മൂക്കത്ത് വിരല്‍ വെക്കും.

“അയ്യ്യേ... നാണമില്ലേ... ഈ ചെക്കന്... ആണ്‍പിള്ളേരാരെങ്കിലും കയ്യില്‍  വള ഇടുമോ....?”

എനിക്ക് വലിയ ആഗ്രഹമായിരുന്നു പെണ്‍കുട്ട്യോളെ പോലെ വളയിട്ട് നടക്കാന്‍, കാരണം തറവാട്ടിലും അയല്‍ വീട്ടിലും കൂടുതലും  പെണ്‍പിള്ളേര്‍സ് ആയിരുന്നു. പിന്നെ എന്റെ സഹവാസവും  അവര്‍ക്കിടയിലായിരുന്നു. അപ്പോ സ്വമേധയാ അങ്ങിനെയുള്ള ഒരു തോന്നല്‍ അസ്ഥാനത്തല്ല താനും.

കളിക്കൂട്ടുകാരായി ഹേമയും, ഉമയും, ലഷ്മിയും, ഭാനുവും പിന്നെ സരോജനി ചേച്ചിയും, കോച്ചുളേമയും ഒക്കെ ഉണ്ടായിരുന്നെങ്കിലും  എനിക്ക് കൂടുതല്‍ പ്രിയം പഞ്ചമിയോടായിരുന്നു.

പിള്ളേര്‍സ് എല്ലാരും മിക്കതും അമ്പലപ്പുരയുടെ പിന്നിലും പാമ്പിന്‍ കാവിലും മയില്‍ പിരിയന്‍ മാവിന്റെ ചുവട്ടിലും ഒക്കെ ആകുമെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും മിക്കതും ശവപ്പറമ്പിലെ പുളിമരത്തണലില്‍ ആയിരിക്കും. പുളിമരത്തിന്റെ തെക്കു വശത്ത് കുളത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഒരു കാശാവുമരവും മറ്റു ഭാഗത്ത് ഒരു കൈതക്കൂടും ഉണ്ട്. മൊത്തത്തില്‍ പുളിമരച്ചുവട് ഒരു ഇരുളടഞ്ഞ പ്രതീതിയായിരിക്കും നട്ടുച്ച നേരത്തും.

ഒരിക്കല്‍ അങ്ങിനെയിരിക്കെ ഓണം അടുത്തെത്തി. ഉമയും ഹേമയും മറ്റുചിലരും കുപ്പിവളക്ക് പകരം റബ്ബര്‍ വളയും മുക്കുപണ്ടവും ഒക്കെ അണിഞ്ഞ് ഞെളിഞ്ഞ്  നടക്കുകയായിരുന്നു. പഞ്ചമി പതിവില്‍ കൂടുതല്‍ കുപ്പിവളകള്‍ അണിഞ്ഞു.

വളക്കിലുക്കം പോലെ ആയിരുന്നു പഞ്ചമിയുടെ ചിരി. പ്രായത്തിലേക്കാളും വളര്‍ച്ചയുള്ളതും മുഴുപ്പുള്ളതും ആയിരുന്നു അവളുടെ ശരീരപ്രകൃതി. ഉണ്ണ്യേട്ടാ ന്ന് വിളിച്ച് എപ്പോഴും ഉണ്ടാകും അവളെന്റെ പുറകില്‍, ഉണ്ണ്യേട്ടന്റെ വാലെന്നും പറഞ്ഞ് അവളെ മറ്റുള്ളവര്‍ അകത്തി നിര്‍ത്തും.

കൌമാരത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നിന്നിരുന്ന ഉണ്ണിക്ക് പഞ്ചമിയെ കാണുമ്പോള്‍ ചിലപ്പോള്‍ അതിരുകവിഞ്ഞ  സ്നേഹപ്രകടനങ്ങള്‍ സമ്മാനിക്കാന്‍ തോന്നിയിരുന്നു.

അതേറ്റുവാങ്ങാന്‍ അവള്‍ക്കും ഇഷ്ടമായിരുന്നു. സന്ധ്യാനേരത്ത് നാമം ചൊല്ലാനിരിക്കുമ്പോഴും, ഉണ്ണുമ്പോഴും എല്ലാം അവള്‍ അവനുമൊത്ത് തന്നെ. കാലത്ത് എണീറ്റ് കുളിക്കാന്‍ നേരത്ത് ഓരോരുത്തര്‍ അവര്‍ക്കിഷ്ടമുള്ള കുളത്തിലും കിണറ്റിന്‍ കരയിലും കുളിക്കാന്‍ പോകുമ്പോള്‍ കുളിമുറിയില്‍ നിന്ന് കുളിക്കാന്‍ പഞ്ചമി ഉണ്ണിക്ക് നാലുകുടം വെള്ളം കോരിക്കൊടുക്കും.

രാത്രി കിടക്കാന്‍ നേരം എല്ലാരും നിരനിരയായി പായ വിരിച്ച് കിടക്കും.  വേനല്‍ കാലമായാല്‍ ആരും മുറിക്കകത്ത് കിടക്കില്ല. ആണ്‍ പിള്ളേര്‍സായിട്ട് ഇത്രയും പേരുടെ കൂട്ടില്‍ ഉണ്ണിയും, ശേഖരേട്ടനും പിന്നെ   വാല്യക്കാരന്‍ കണ്ടോരേട്ടനും മാത്രം. ആണ്‍ പിള്ളേരെല്ലാം മിക്കതും മുത്തശ്ശിയുടെ കട്ടിലിന്റെ അടിയില്‍ ഒതുങ്ങിക്കൂടുമ്പോള്‍ പെണ്‍പിള്ളേര്‍സ് നിരനിരയായി കിടക്കും.

മിക്കവരും കിടന്ന ഉടനെ ഉറങ്ങും, പഞ്ചമിയും. പക്ഷെ മുത്തശ്ശി കമ്പി റാന്തലിന്റെ തിരി താഴ്ത്തുന്നത് വരെ ഉണ്ണി  ഉറങ്ങിയിട്ടുണ്ടാവില്ല.

റാന്തലിന്റെ തിരി താഴ്ന്ന്‍ അന്ത:രീക്ഷത്തില്‍ അന്തകാരം പരന്നാല്‍ ഉണ്ണി ഉരുണ്ട് ഉരുണ്ട് പഞ്ചമിയുടെ പായയിലേക്ക് ചേക്കേറും. അവളും അവനെക്കാത്ത് മിക്കതും ഉറങ്ങാതെ കിടപ്പുണ്ടാകും.

പാതിരാക്കോഴി കൂകിയാല്‍ അവള്‍ അവനോട് എണീറ്റ് കട്ടിലിന്റെ ചുവട്ടിലേക്ക് പറഞ്ഞുവിടും. അങ്ങിനെ ഉണ്ണിയും പഞ്ചമിയും പലതും പങ്കുവെച്ചിരിക്കാം.

തിരുവോണത്തിന് വളക്കാരിയില്‍ നിന്നും അവള്‍ കൂടുതല്‍ വളകള്‍ വാങ്ങി അണിഞ്ഞു. ഉണ്ണി തിരുവോണ സദ്യക്കുശേഷം പകിട കളിക്കാന്‍ വട്ടമ്പാടത്തേക്ക് പോകാന്‍ ധൃതിയില്‍ നടക്കുകയായിരുന്നു.

അപ്പോഴാണ് പുറകില്‍ നിന്നൊരു വിളി.. തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടുപാവാടയണിഞ്ഞ്  കൈ നിറയെ കുപ്പി വളകളണിഞ്ഞ് ചന്ദനക്കുറിയിട്ട പഞ്ചമി.

“എവിടേക്കാ വാണം വിട്ട പോലെ ഓടുന്നത്...?”

"ഞാന്‍ പകിട കളിക്കാനാ....  പിന്നെ  ഓണമല്ലേ... ഒരു പുകയും വിടണം..”

പകിട നാളെയും കളിക്കാം. ബീഡി വലിക്കാന്‍ രഹസ്യമായ സ്ഥലം പുളിമരച്ചുവടാണ്. നമുക്ക് അങ്ങോട്ട് പോകാം. എനിക്കൊരു സ്വകാര്യം പറയാനുണ്ട്.

"സ്വകാര്യമോ... ? ഉണ്ണിക്ക് ജിജ്ഞാസയി..”
"സ്വകാര്യം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറഞ്ഞാല്‍ മതിയില്ലേ...?”

"അതൊന്നും പറ്റില്ല, ഇപ്പോള്‍ കേട്ടില്ലെങ്കില്‍ ഞാന്‍ പിന്നെ  മിണ്ടില്ല..”

പഞ്ചമിയെ പിണക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് അയാള്‍ പകിട കളി ഉപേക്ഷിച്ച് അവളൊടൊത്ത് പുളിമരത്തണലില്‍ ചെന്നിരുന്നു.

“പറാ വേഗം സ്വകാര്യം..“ കൈതപ്പൂവിന്റെ ഗന്ധമുള്ളതായിരുന്നു അവളുടെ പാവാടയും ബ്ലൌസും... കൈനിറയെ കുപ്പിവളകളും.. അവള്‍  കൂടുതല്‍ സുന്ദരിയായിരുന്നു ഒരു അപ്സരസ്സിനെപ്പോലെ..

“പകിട കളിയും പോയി, വല്ലപ്പോഴുമുള്ള അത്മാവിനുള്ള ഒരു പുകകൊടുക്കലും പോയി. ഇനി മറ്റൊരു തിരുവോണം വരാന്‍ എത്ര കാത്തിരിക്കണം.. ഓര്‍മ്മിക്കാന്‍ ഒന്നുമില്ലാതെയാക്കി  ഇവള്‍...”

കൈതപ്പൂവിന്റെ മണവും  അപ്സരസ്സിന്റെ അംഗലാവണ്യവും അയാളെ മത്തുപിടിപ്പിച്ചു. അവന്‍ അവളെ കടന്നുപിടിച്ചു.. അവളുടെ കുപ്പി വളകള്‍ ഉടഞ്ഞു...

പഞ്ചമി ഉണ്ണിയുടെ  മാറില്‍ മുഖമമര്‍ത്തി കരഞ്ഞു..

“എന്തിനാ പഞ്ചമീ  നീ നല്ലൊരു  ദിവസമായി കരയുന്നത്...?”

“ഉണ്ണ്യേട്ടാ എന്റെ വളകളൊക്കെ ഉടഞ്ഞില്ലേ....?”

“ഇതായിരുന്നോ സ്വകാര്യം... പേടിച്ചിരുന്ന ഉണ്ണിക്ക് സന്തോഷമായി.”

Monday, June 3, 2013

ഒരു പഴമ്പൊരി പുരാണം

എന്റെ സുഹൃത്ത് ബിജിയുടെ പഴമ്പൊരി കുക്കറി ടിപ്പ്സ് വായിച്ചപ്പോളാണ് ഇതെനിക്കെഴുതാനുള്ള വികാരം ഉണ്ടാക്കിയത്.

പഴം പൊരിയുടെ മണം ഇതാ എനിക്ക് എന്റെ നാവിന്‍ തുമ്പത്ത് എത്തിയിരിക്കുന്നു. ഇന്നെലെ കോയമ്പത്തൂരില്‍ നിന്നും ബേംഗളൂര്‍ക്ക് പറക്കുമ്പോള്‍ ഇതുപോലെ പഴമ്പൊരി മണം പരത്തുന്ന ഒരു അന്ത:രീക്ഷം ഉണ്ടായെങ്കിലും ഞാന്‍ കഴിച്ചില്ല. ബിജിയെ പോലെയുള്ളവര്‍ ഉണ്ടാക്കിത്തന്നാല്‍ രുചിച്ചുനോക്കാം എന്നുമാത്രം.. കോയമ്പത്തൂരില്‍ ധന്വന്തരി ക്ഷേത്രത്തിന്റെ കവാടത്തില്‍ എന്നും പഴമ്പൊരി ഉണ്ടാക്കുന്ന ഒരു ആശാനുണ്ട്. ഞാന്‍ ഒന്ന് കുട്ടിമാളുവിനും ഒന്ന് ബീനക്കും കൊടുത്തു. പക്ഷെ അതിന് നാടന്‍ പഴമ്പൊരിയുടെ രുചി ഉണ്ടായിരുന്നില്ല. കുട്ടിമാളു ഒരു കടി കടിച്ച് എനിക്ക് തന്നു. പണ്ട് ബീന ദുബായില്‍ വെച്ച് പഴമ്പൊരി ഉണ്ടാക്കിയിരുന്നു. ഞാന്‍ അന്നാണ് ഫ്രഷ് പഴമ്പൊരി കഴിച്ചത് അവസാനമായി.

പണ്ടൊക്കെ പഴമ്പൊരി ആസ്വദിച്ച് കഴിച്ചിരുന്നത് നാട്ടിന്‍ പുറത്തെ ഓലമേഞ്ഞ ചായപ്പീടികയില്‍ നിന്നാണ്. എന്റെ നാട്ടില്‍ ചെറുവത്താനിയില്‍ പണ്ട് കുട്ടാപ്പുവേട്ടന്റെ ചായപ്പീടികയിലും കമ്മുട്ട്യാപ്ലയുടെ പീടികയിലും വൈകുന്നേരത്തെ ചായക്ക് പഴമ്പൊരിയും ചിലപ്പോള്‍ പരിപ്പുവടയും  ഉണ്ടാകും.

ഞാന്‍ ആദ്യം പഴമ്പൊരിയും കട്ടന്‍ ചായയും ഓര്‍ഡര്‍  ചെയ്യും, പിന്നെ കയ്യില്‍ കാശുണ്ടെങ്കില്‍ നാലു പരിപ്പുവടയും. പരിവട പൊതിഞ്ഞ് ഞാനും രവിയും കൂടി കിഴക്കേ പുഞ്ചപ്പാടത്തെ കൊച്ചു തുരുത്ത് പോലെ തോന്നിക്കുന്ന മണല്‍ക്കൂനയില്‍ പോയിരിക്കും... കുറച്ച് കഴിയുമ്പോളേക്ക് ഞങ്ങളെ കാണാന്‍ വിജയേട്ടനും എത്തും.

രവി ഒരു കുപ്പി നല്ല കത്തുന്ന ചാരായവും, ഞാന്‍ ഒരു കുടം നല്ല മൂത്ത തെങ്ങിന്‍ കള്ളും ചുമന്ന് തുരുത്തിലേക്ക് എത്തിക്കും. എന്നിട്ട് ഞങ്ങള്‍ അതെല്ലാം ഞങ്ങളുടെ ഗുരുവായ വിജയേട്ടന് സമര്‍പ്പിക്കും.

പിന്നെ വലിക്കാന്‍ ആപ്പിള്‍ ഫോട്ടോ  ബീഡിയും ഒരു പേക്കറ്റ് ചാര്‍മിനാര്‍ സിഗരറ്റും കരുതും, ഞങ്ങള്‍ ശിഷ്യന്മാര്‍ക്ക് ബീഡിയും ഗുരുവിന്  സിഗരറ്റും.

ഗുരുവിന്റെ സിരകളില്‍ ലഹരി പടര്‍ന്നുകയറിയാല്‍ ഞങ്ങള്‍ക്ക് പാട്ടുകള്‍ പാടിത്തരും. ആ പാട്ടൊന്നും ഇവിടെ ഷെയര്‍ ചെയ്യാന്‍ പറ്റില്ലെങ്കിലും ഞാന്‍ സ്വയം ആരും കേള്‍ക്കാതെ പാടാം.. കേട്ടോളൂ....

+++++++++++++++   +++++++++++++++++++   ++++++++++++++++++++++

അങ്ങിനെ പഴമ്പൊരി പുരാണം വായിച്ച് പരിപ്പുവടയും എന്റെ നാടും വീടും കടകളും, പുഞ്ചപ്പാടവും കൂട്ടുകാരേയും എല്ലാം ഓര്‍മ്മ വന്നു. അതിന് ഞാന്‍ ബിജിയോട് കടപ്പെട്ടിരിക്കുന്നു.

ഈ കാരണത്താല്‍ ഈ കൊച്ചു ബ്ലോഗ് പോസ്റ്റ് ഞാന്‍ അവള്‍ക്ക് ഡെഡിക്കേറ്റ്  ചെയ്യുന്നു.