Thursday, January 11, 2018

കൈപ്പുണ്യം എന്നത് എല്ലാവർക്കും കിട്ടില്ല

കൈപ്പുണ്യം എന്നത് എല്ലാവർക്കും കിട്ടില്ല . അത് ഈശ്വരന്റെ വരദാനമാണ് . ഞാൻ ഇവിടെ പറയാൻ പോകുന്നത്  ചികിത്സിക്കുന്ന ഹെജി ഡോക്ടരെപ്പറ്റിയാണ് .

ഞാൻ കഴിഞ്ഞ ഏതാണ്ട്  കൊല്ലമായി ഫിസ്റ്റുല അസുഖക്കാരനാണ് . ഗൾഫിൽ നിന്നും സർജറി കഴിഞ്ഞു. അന്നേ  അവിടുത്തെ ഡോക്ടർ എന്നോട് പറഞ്ഞിരുന്നു , ഇത് വീണ്ടും വീണ്ടും വരുമെന്ന് . എന്നാലും മൂന്നു നാല് കൊല്ലം മരുന്നൊന്നും സേവിച്ചില്ല .

താമസിയാതെ വീണ്ടും രോഗം വന്നു. അപ്പോൾ നാട്ടിലേക്ക് വിവരം അറിയിച്ചപ്പോൾ കൊടകരയിലുള്ള ഹെബി എന്ന പെൺകുട്ടി എനിക്ക് ഹോമിയോ മരുന്ന് ഒമാനിൽ എത്തിച്ച് തന്നു. അങ്ങിനെ ഞാൻ ഹോമിയോ മരുന്നിൽ സൗഖ്യം പ്രാപിച്ച് തുടങ്ങി . പക്ഷെ അവിടെയും പൂർണ്ണമായി സുഖപ്പെട്ടില്ല . ഒരു മാസം കഴിച്ചാൽ കുറച്ച് നാൾ സുഖപ്പെടും , വീണ്ടും വന്നാൽ പിന്നെയും കഴിക്കും .

ഞാൻ സ്വദേശമായ കുന്നംകുളം ചെറുവത്താനിയിൽ നിന്നും തൃശൂരിലേക്ക് താമസം മാറ്റിയപ്പോൾ കൊക്കാലയിലുള്ള ഒരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന് എന്റെ അസുഖം മാറ്റാൻ കഴിഞ്ഞില്ല . അസുഖം കൂടിയപ്പോൾ ഞാൻ സർക്കാർ ആശുപത്രിയെ ശരണം പ്രാപിച്ചു . അവിടുത്തെ ഡോക്ടർമാർ വിദ്യാഭ്യാസ സമ്പന്നന്മാർ ആണ്, അതിനാൽ എനിക്ക് ശരിയായ ചികിത്സ കിട്ടി. സ്ഥിരമായി  ഒരു ഡോക്ടറെ കാണാമെന്ന് വെച്ചാൽ നടക്കില്ല , അവരെ എപ്പോഴാണ് ട്രാൻസ്ഫർ ചെയ്യുക എന്ന്  രോഗികൾക്ക് അറിയാനുള്ള ഒരു സംവിധാനവും ഇല്ല .

ഏതായാലും ഒരു നല്ല ഡോക്ടറെ എനിക്ക് തിരഞ്ഞെടുക്കുവാൻ സാധിച്ചു . ആ ഡോക്റ്ററുടെ ചികിത്സയിൽ  എന്റെ രോഗം കൺട്രോൾഡ് ആയി . ഞാൻ സന്തോഷവാനായി .

അങ്ങിനെ ഒരു ദിവസം ഞാൻ മരുന്ന് വാങ്ങാൻ ചെന്നപ്പോൾ ആണ്  അറിയുന്നത് എന്റെ ഡോക്ടറുടെ സ്ഥലം മാറ്റം . എന്തിന് പറേണ് അവിടെ ഒരു മാസത്തിനുള്ളിൽ എനിക്ക് കാണേണ്ട പുതിയ ഡോക്ടറെ സ്ഥലം മാറ്റിയിരിക്കുന്നു . ഞാൻ ആശുപത്രിയിൽ ഇരുന്ന് കുറെ കരഞ്ഞു . ആരോട് പറയാൻ എന്റെ ദുഃഖം . എല്ലാം വിധിയെന്നോർത്ത് സമാധാനിക്കുക തന്നെ .

നമ്മൾ ജനിക്കുമ്പോൾ ദൈവം തമ്പുരാൻ ഡിസൈൻ ചെയ്ത് വെക്കും നമ്മുടെ ജീവിത ചക്രം . ഭഗവാനോട്  കൂടുതൽ  അടുക്കുമ്പോൾ ചിലപ്പോൾ  നമ്മുടെ അസുഖത്തിന് തീവ്രത കുറയും . എനിക്ക് വയസ്സ് 70  കഴിഞ്ഞു - ജരാനര ബാധിക്കുമ്പോൾ ഇതൊക്കെ സംഭവിക്കാം .

അങ്ങിനെ കിഴക്കൻ പാട്ടുകാര ആശുപത്രിയിൽ മേൽ പറഞ്ഞ ഡോക്ടർ പുതിയതായി  ചാർജ്ജ് എടുത്തു . എന്റെ ഭാഗ്യമെന്ന് പറയട്ടെ എന്റെ അസുഖം തീർത്തും മാറിയതായിരുന്നു . അങ്ങിനെ ഇരിക്കെ ഒരു ദിവസം എനിക്ക് ഡോക്ടറെ കാണേണ്ട അത്യാവശ്യം ഉണ്ടായിരുന്നു . തീരെ വയ്യായിരുന്നു , കൂടെ വരാൻ ആരും ഇല്ല . ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ  ഫോണിൽ രോഗവിവരം പറഞ്ഞ് മരുന്ന് വാങ്ങാമായിരുന്നു .

എന്റെ ഡോക്ടർ ഒരു കൊച്ചുപെണ്കുട്ടിയാണ്, അതിനാൽ ഞാൻ ഫോൺ നമ്പർ ചോദിച്ചില്ല - ചോദിച്ച് കിട്ടിയില്ലെങ്കിൽ അത് പിന്നീട എനിക്ക് വിഷമമാകും . അങ്ങിനെ ഞാൻ തീർത്തും വിഷമിച്ച അവസ്ഥയിൽ തൽക്കാലം എന്തെങ്കിലും മരുന്ന് വാങ്ങിക്കാമെന്ന് വിചാരിച്ച് എന്റെ വീടിന്റെ അടുത്തുള്ള പൂത്തോൾ ആശുപത്രിയിൽ പോയി .

എന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല - അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത് എന്നെ നോക്കുന്ന ഹെജി ഡോക്ടർ. ഞാൻ ഈശ്വരനെ സ്തുതിച്ചു , ഞാൻ എന്നും കാണുന്ന എന്റെ അച്ചൻ തേവരോട് നന്ദി പറഞ്ഞു . കൂർക്കഞ്ചേരിയിലെ തങ്കമണി കയറ്റത്തുള്ള മഹാ ക്ഷേത്രമാണ് "അച്ഛൻ തേവർ ശിവ ക്ഷേത്രം .

കൊക്കാലയിലുള്ള എന്റെ വീട്ടിന്നടുത്താണ് പൂത്തോൾ സർക്കാർ ഹോമിയോ ആശുപത്രി . പുതിയ ആശുപത്രിയായതിനാൽ , തീരെ അസ്വസ്ഥത തോന്നില്ല കാത്തിരിക്കാൻ . ധാരാളം കസേരകളും , വിശാലമായ ലോബിയും, ഫാർമസിയും , കുടിവെള്ളവും ,ടോയലറ്റ്  സൗകര്യവും ഒക്കെ ഉണ്ട് ഇവിടെ .

കിഴക്കുംപാട്ടുകരയിലെ പോലെ മുതിർന്ന പൗരന്മാർക്കുള്ള പരിഗണന ഇവിടെ ഇല്ല .  അതൊഴിച്ചാൽ പൂത്തോൾ സ്വർഗം തന്നെ . ഞാൻ ഇന്നും പോയി ഹെജി ഡോക്ടറെ കണ്ടു . അതിനിടക്ക് ഒരു ദിവസം പോയപ്പോൾ ഡോക്ടർക്ക് ചിക്കൻപോക്സ് ആണെന്ന് പറഞ്ഞു . ഞാൻ അച്ഛൻ തേവരോട് ഡോക്ടറുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു .

ഹെജി ഡോക്ടറുടെ കൈപ്പുണ്യത്താൽ ഞാൻ സംതൃപ്തനാണ് . ഡോക്ടർക്കും  കുടുംബത്തിനും അച്ഛൻ തേവർ എല്ലാ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യട്ടെ .

Monday, January 1, 2018

തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാടി പുഴുക്കും .

ഇന്ന് ധനുമാസം ൧൮ [18 ] . ധനുമാസത്തിലെ തിരുവാതിര കേരളത്തിൽ പ്രധാനമാണ് . പ്രത്യേകിച്ച് തൃശൂർ അച്ഛൻ തേവർ ശിവ ക്ഷേത്രത്തിൽ . കഴിഞ്ഞ കൊല്ലം ഞാൻ കിടപ്പിലായ കാരണം പോകാൻ പറ്റിയില്ല കഞ്ഞി കുടിക്കാൻ . ഇവിടെ എല്ലാ തിരുവാതിര നാളിലും [ശിവന്റെ നക്ഷത്രം ] പ്രസാദ ഊട്ട് ഉണ്ട് . ധനുമാസത്തിലെ തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാടി പുഴുക്കും .

വൈകീട്ട് ദീപാരാധനക്ക് ശേഷം പ്രഭാഷണവും, അതിനു ശേഷം മാതൃസമിതിയുടെ തിരുവാതിരകളിയും .

ഒരു മണിക്ക് മുൻപ് വന്നാൽ കഞ്ഞിയും പുഴുക്കും കഴിക്കാം.  തൃശൂരിൽ നിന്ന് കൂർക്കഞ്ചേരി
-കൊടുങ്ങല്ലൂർ റൂട്ടിൽ ശക്തൻ ബസ് സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്ത് തങ്കമണി കയറ്റത്തിലാണ് അച്ഛൻ തേവർ ശിവ ക്ഷേത്രം .

ഇതൊരു മഹാക്ഷേത്രമാണ് . ശിവൻ, പാർവ്വതി, ഗോശാലകൃഷ്ണൻ , ഗണപതി , അയ്യപ്പൻ, സുബ്രമണ്യൻ , നാഗരാജാവ് , ബ്രഹ്മരക്ഷസ്സ് , ഗോഗീശ്വരൻ , ഹനുമാൻ . കൂടാതെ പടിഞ്ഞാറേ  നടയിൽ  ഒരു സ്വാമിയും കൂടിയതാണ് ഈ ക്ഷേത്രം .

അച്ഛൻ തേവർ ക്ഷേത്രത്തിലെ ഹനുമാൻ സ്വാമിയോട് എന്ത് ആവശ്യപ്പെട്ടാലും നമ്മൾ അതിന് യോഗ്യനാണെങ്കിൽ സാധിച്ച് തരും .

വരൂ കൂട്ടരേ ഞങ്ങളുടെ അമ്പലത്തിലേക്ക് 

Thursday, December 21, 2017

നാളേയും കഴിഞ്ഞാൽ മറ്റന്നാൾ ക്രിസ്തുമസ്സ്

നാളേയും കഴിഞ്ഞാൽ മറ്റന്നാൾ ക്രിസ്തുമസ്സ് - എല്ലാ കൊല്ലവും വിചാരിക്കും ഇക്കൊല്ലം വീട്ടുമുറ്റത്തും ഓഫീസിലും  ക്രിസ്തുമസ്സ് ട്രീയും പുൽക്കൂടും ഒക്കെ ഒരുക്കണമെന്ന് . ഒന്നും നടന്നില്ല. ഓഫീസിലെ പെൺകുട്ടി ഹെലനയോട്  പ്രത്യേകം പറഞ്ഞിരുന്നു നമുക്കൊരുമിച്ച് പുത്തൻ പള്ളിക്കവലയിൽ പോകാം, തോരണങ്ങൾ ഒക്കെ വാങ്ങിക്കാമെന്ന് . പക്ഷെ ഒന്നും നടന്നില്ല - എല്ലാം സ്വപ്നങ്ങൾ മാത്രം . 

ഇവിടെ ഓഫിസിൽ ഉള്ള ശോഭാക്കാകട്ടെ ഇത്തരം വികാരങ്ങൾ ഒന്നുമില്ല . അല്ലെങ്കിൽ അവൾക്ക് പോയി വാങ്ങാവുന്നതാണ് .

എന്റെ അയൽക്കാരായ മെഴ്‌സിയും മീരയുമെല്ലാം വീടും പരിസരവും അലങ്കരിക്കുക പതിവാണ് - ഇക്കൊല്ലത്തെ മേഴ്സിയുടെ പുൽക്കൂടും മറ്റും കാണാൻ പോയിട്ടില്ല - പോകണം പോട്ടം പിടിക്കണം .

എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ക്രിസ്തുമസ്സ്,  നവ വത്സരാശംസകൾ .

Saturday, November 18, 2017

നക്കാൻ എരിവുള്ള ചമ്മന്തിയും , മാങ്ങപ്പുളിയിട്ട മത്തിക്കറിയും

ചാരായം കുടിച്ചിട്ട് നാളുകൾ ഏറെയായി . ഞാൻ അവസാനമായി ചാരായം കുടിച്ചത് ചാലിശ്ശേരിയിൽ നിന്നായിരുന്നു . രാമുവിന്റെ കൂടെ . ചാലിശ്ശേരിക്കടുത്ത് ഒറ്റപ്പിലാവിൽ നിന്നാണെന്ന് തോന്നുന്നു. ഏതാണ്ട് 50 കൊല്ലം മുൻപ് . അന്ന് ചില് വീടുകളിലും ആലിൻ ചുവട്ടിലുമൊക്കെ ചാരായം കിട്ടുമായിരുന്നു.

ചാരായം അന്നൊക്കെ പല തരം  ഉണ്ടായിരുന്നു. കനാൽ പരുങ്ങി , ഇടിവെട്ട് , ആനമയക്കി മുതലായ പല പേരുകളിൽ ആയിരുന്നു.

ചിലർ ചാരായം വാറ്റുമ്പോൾ അതിൽ പല്ലി , എട്ടുകാലി , ഉപയോഗ്യശൂന്യമായ ബേറ്ററി എന്നിവയൊക്കെ ചേർക്കും . ചിലയിടത്ത് ശുദ്ധമായതും കിട്ടും, അല്പം വില കൂടിയാലും നല്ല കൈതച്ചച്ചക്കയും മുന്തിരി കറുവാപ്പട്ട ഏലക്കായ എന്നിവ ചേർത്ത് നല്ല അന്തരീക്ഷത്തിൽ വാറ്റിയ  ചാരായം കുടിക്കാൻ നല്ല രസമാണ് . ഞാൻ അവസാനം കുടിച്ചത്ത് ഇത്തരം മുന്തിയ താരമായിരുന്നു .

ചിലയിടങ്ങളിൽ  വീട്ടിലെ പെണ്ണുങ്ങളായിരിക്കും വിൽപ്പനക്കാർ. അവർ  കുടിക്കുമ്പോൾ  കൂടെ നക്കാൻ എരിവുള്ള ചമ്മന്തിയും , മാങ്ങപ്പുളിയിട്ട മത്തിക്കറിയും കപ്പയും തരും.


പണ്ടൊക്കെ കൊടുങ്ങല്ലൂർ ഭരണിക്ക് പോകുമ്പോൾ തെറിപ്പാട്ട് പാടാൻ ആശാന്മാർ ചാരായം സേവിക്കാൻ തരും.

ഞാനും റാമുവും കൂടിയായിരുന്നു ചാരായം കുടിക്കാൻ പോകാറ് ,അപൂർവ്വം ചില ദിവസം കൂട്ടിന് രവിയും വരും .

പഴയകാല ഓർമ്മകൾ ഓടിയെത്തുന്നു . അൻപത് കൊല്ലം പിന്നോക്കം നോക്കുമ്പോൾ പലതും മിന്നി മിന്നി വരുന്നു.

രവിക്ക് പ്രേമിക്കാൻ കുമാരേട്ടന്റെ വീട്ടിലെ ഒരു തൊലി വെളുത്ത പെണ്ണുണ്ടായിരുന്നു. അവൻ മീശ കറുപ്പിച്ച് നടന്ന്  അവൾക്ക്  തൂവാലയിൽ എഴുതിയ പ്രേമ ലേഖനം കൊടുക്കാറുണ്ട് .  എനിക്ക് കറുത്ത മീശ ഇല്ലാഞ്ഞതിനാൽ എന്നെ പെങ്കുട്ട്യോൾ നോക്കാറില്ല .

പിന്നീടെഴുതാം ബാക്കി ഭാഗം .

തൽക്കാലത്തേക്ക് വിട . ചിയേർസ് !!!


മദ്യപാനം ആരോഗ്യത്തിന് ഹാനികരം 

Monday, November 6, 2017

തൃശ്ശൂർ കൊക്കാലയിലെ സുരേഷിന്റെ തട്ട് കട

എന്റെ പ്രിയ സുഹൃത്ത് സുരേഷ് തൃശ്ശൂർ കൊക്കാലയിൽ ഒരു തട്ട് കട / ഫാസ്റ്റ് ഫുഡ് സ്ഥാപനം നടത്തുന്നുണ്ട് . ഞാൻ സാധാരണ അവിടെ നിന്നും പാർസൽ വാങ്ങാറുണ്ട് . സ്വാദിഷ്ടമായ ഭക്ഷണം ആണ് അവിടെ ലഭിക്കുക .

അവിടെ നോൺ വെജ് വിഭവങ്ങൾ ആണ് അധികവും. എനിക്ക് അവിടുത്തെ പൊറോട്ടയും
ചിക്കൻ കറിയും കാട ഫ്രെയ്‌യും വളരെ ഇഷ്ടമാണ് . ചിലപ്പോൾ  കപ്പയും ബീഫ് കറിയും വാങ്ങും. ചിലപ്പോൾ  ദോശയും കടലയും .
നമുക്കിഷ്ടപ്പെട്ട എല്ലാ ഭക്ഷണവും പാതിരാത്രി വരെ അവിടെ കിട്ടും.

പകൽ സർവ്വീസ് ഇല്ല, വൈകിട്ട് അഞ്ചുമണി മുതൽ പാതിരാത്രി വരെ അവിടെ നല്ല തിരക്കായിരിക്കും .

താമസിയാതെ ഞാൻ സുരേഷിന് സ്വന്തമായി ഒരു ബ്ലോഗ് ഉണ്ടാക്കി കൊടുക്കുന്നതാണ് .

Friday, November 3, 2017

ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട്

എന്തെങ്കിലും കുത്തികുറിച്ചിട്ട് കുറെ കാലമായി. നാളെ എന്തെങ്കിലും എഴുതാം. ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട് കുറച്ച് കാലമായി.

ചെറുവത്താനിയിൽ  പോകണം - തോട്ടുവരമ്പിലെ ഷോപ്പിൽ നിന്നും  കുടിച്ച്   പൂസാകണം - കണ്ണനും ബ്രാലും ഒക്കെ  കറിവെച്ചിട്ടുണ്ടാകും അവിടെ . ചിലപ്പോൾ പാറുക്കുട്ടി ഞാറ് നടാൻ വരും, അവളോടൊത്ത് കിന്നാരം പറയണം .

അങ്ങിനെ മോഹങ്ങൾ കുറെയുണ്ട് . ഞാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ അവൾ മുട്ട് വരെയുള്ള മുണ്ടും, കറുപ്പിൽ മഞ്ഞ പുള്ളികളുള്ള വട്ടക്കഴുത്തുള്ള  ജാക്കറ്റും ഇട്ടോണ്ട് വരും, എന്നെ ഹരം പിടിപ്പിക്കാൻ.

കൂടുതൽ വിശേഷങ്ങൾ നാളെ എഴുതാം 

Monday, August 28, 2017

ഇനി എത്ര നാൾ കാത്തിരിക്കണം

ഓണത്തിന് ഇനി എത്ര നാൾ കാത്തിരിക്കണം . അല്ലെങ്കിലും തൃശൂർക്കാർക്ക് എന്നും ഓണമാണ്.


Sunday, August 13, 2017

കാഞ്ചി കാമാക്ഷി ക്ഷേത്രം


തമിഴ് നാട്ടിലെ കാഞ്ചീപുരത്തു സ്ഥിതിചെയ്യുന്ന ഒരു മഹാ ക്ഷേത്രമാണ് കാഞ്ചി കാമാക്ഷി ക്ഷേത്രം. 

അവിടം സന്ദര്‍ശിക്കാനും,ക്ഷേത്രത്തില്‍ തൊഴാനും സാധിച്ചത് മഹാ ഭാഗ്യമായി കാണുന്നു. ക്ഷേത്രത്തിലെ ഒരു ജീവനക്കാരനോട് ,ഈ ക്ഷേത്രത്തെ കുറിച്ച് ചോദിച്ചറിഞ്ഞ കാര്യങ്ങള്‍ ഇതാണ്.

സ്നേഹസ്വരൂപിണിയായ, പ്രേമ നയനങ്ങളോട് കൂടിയവള്‍ എന്നാണു കാമാക്ഷി എന്ന പേരിന്‍റെ അര്‍ത്ഥം. പണ്ട് കാളീ രൂപത്തിലായിരുന്നു ഇവിടെ ദേവി കുടിയിരുന്നിരുന്നത്. വളരെ ഭയത്തോട്കൂടിയായിരുന്നു പ്രദേശ വാസികള്‍ ഇവിടെ കഴിഞ്ഞു കൂടിയിരുന്നത്. ശങ്കരാചാര്യ സ്വാമികള്‍ കാഞ്ചീപുരത്തു എത്തിയതിനു ശേഷം ,ജനങ്ങള്‍ക്ക്‌ ആശ്വാസമേകാന്‍ ചിദാകാര രൂപിണി ആയ ഉഗ്ര മൂര്‍ത്തിയെ ശങ്കരാചാര്യര്‍ ശ്രീ ചക്രത്തില്‍ കുടിയിരുത്തി, കാമാക്ഷി ആക്കി പ്രതിഷ്ഠിച്ചു.

അദ്ധേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നാട് വാണിരുന്ന രാജസേന രാജാവ് ഇന്നു കാണുന്ന കാമാക്ഷി ക്ഷേത്രം പണികഴിപ്പിച്ചു. അതിനു ശേഷം കാഞ്ചീപുരം പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സുവര്‍ണ്ണ നഗരമായി പ്രശോഭിച്ചു. നാടിനു മുഴുവന്‍ പ്രഭയേകുവാനെന്ന പോലെ ദേവിയുടെ വൈരക്കല്‍ മൂക്കുത്തിയുടെ പ്രകാശം ഒളിമിന്നുന്ന കാഴ്ച മനോഹരം തന്നെ...

കുറിപ്പ്: മുകളിൽ കാണുന്ന പോസ്റ്റ് എന്റെ കൂട്ടുകാരി  കാർത്തിക ചന്ദ്രൻ മുഖപുസ്തകത്തിൽ എഴുതിയതാണ് . ഇത് ഞാൻ അവരുടെ സമ്മതത്തോടെ പകർത്തിയതാണ് .

Sunday, August 6, 2017

ആനയൂട്ട് അച്ഛൻ തേവർ ക്ഷേത്രത്തിൽ

ആനയൂട്ട് അച്ഛൻ തേവർ ക്ഷേത്രത്തിൽ   ആനയൂട്ട് ആയിരുന്നു ഇന്നെലെ .
Tuesday, July 25, 2017

ഞാൻ എവിടെയോ എപ്പോഴോ ഇങ്ങിനെ എഴുതി

MEMOIR

എന്താ ഈ ഫോട്ടോവിന് ഒരു പ്രത്യേകത....?  അംഗലാവണ്യം കുറച്ച് കൂടിയിട്ടുണ്ട്. അത് രണ്ടു മാസം നാട്ടിൽ നിന്നതിന്റെ ലക്ഷണമാണ്.... എല്ലാവരും വയസ്സാകുമ്പോൾ ക്ഷീണിക്കാറാണ് പതിവ് . ഓരോരുത്തരുടെ ഓരോ സമയം. അല്ലാതെന്തു പറയാനാണ് . 

പണ്ട് എനിക്കും ഇത്തരം പ്രഭാവലയങ്ങൾ ഉണ്ടാകാറുണ്ട് . ഇപ്പോൾ അതൊന്നും ഇല്ല. ഞാൻ ഗൾഫിൽ നിന്ന് മടങ്ങിയതോടെ എന്റെ സൗന്ദര്യമെല്ലാം ആരോ തട്ടിക്കൊണ്ടുപോയി. 
അതൊക്കെ വീണ്ടെടുക്കാൻ ഗൾഫിലേക്ക് കുറച്ചു നാളത്തേക്ക് ചേക്കേറുന്നവാനുള്ള പരിപാടിയുണ്ടായിരുന്നു .

ബുസ്താൻ പാലസ് ഹോട്ടലിലെ ഡ്രാഫ്റ്റ് ബിയറും , ക്വറത്തെ ഷവർമ്മ ചിക്കനും - ഹോളിഡേ ഇന്നിലെ ബെല്ലി ഡാൻസും  ഒക്കെ വീണ്ടും അനുഭവിച്ചാൽ എനിക്കും ഇതുപോലത്തെ മേനിയഴക് ഉണ്ടായേക്കാം.
ആരെങ്കിലും സഹായിച്ചാലേ അവിടെ വന്ന് കുറച്ച് നാൾ കഴിയാനാകൂ...?!!ബെല്ലി ഡാൻസ് കണ്ടിട്ടില്ലാത്തവർ ഇവിടെ ക്ലിക്കുക   https://www.youtube.com/watch?v=AZ013aNc1Q8

Wednesday, June 14, 2017

അപകടങ്ങളിൽ അംഗവൈകല്യം വന്നവർക്ക്

അടുത്ത ക്രിസ്തുമസ്സിനായി ഇനിയും എത്ര നാൾ കാത്തിരിക്കണം ? പുതുവത്സരവും ക്രിസ്തുമസ്സും എനിക്ക് എന്നും ഹരമാണ്..
ഈ ഫോട്ടോയിൽ എന്റെ അടുത്ത് നിൽക്കുന്ന വേണുവേട്ടൻ ഇന്നില്ല. അകാലത്തിൽ ചരമമടഞ്ഞു . വിനുവേട്ടന്റെ  തൊട്ടടുത്ത് നിൽക്കുന്നത് പ്രശസ്തനായ സൈക്കിയാട്രിസ്റ് ഡോക്ടർ മനോഹരണ പട്ടാലി , അതിന് തൊട്ട് സത്യേട്ടൻ .ഞങ്ങളെല്ലാവരും ലയൺസ് ക്ലബ്ബ് പ്രവർത്തകരാണ് .

ജീവകാരുണ്യപ്രവർത്തനത്തിന് മുൻ‌തൂക്കം കൊടുക്കുന്ന സ്ഥാപനം ആണ് ലയൺസ് പ്രസ്ഥാനം. വീട് ഇല്ലാത്തവർക്ക് വീടും, ഹൃദ്രോഗികൾക്ക്
lions club members
പരിചരണവും, ഡയാലിസിസ് രോഗികൾക്ക് ധന സഹായവും അപകടങ്ങളിൽ അംഗവൈകല്യം വന്നവർക്ക് കൃത്രിമ കൈകാലുകളും കിടപ്പ് രോഗികൾക്ക് ആനുകൂല്യങ്ങളും മറ്റും ലയൺസ് ക്ലബ്ബിൽ നിന്ന് നൽകിവരുന്നു .

ഈ സാമ്പത്തിക വർഷം ഏതാണ്ട് അവസാനിക്കാറായി. അടുത്ത വർഷം ജൂലായിൽ തുടങ്ങും. എന്തെങ്കിലും ധനസഹായം വേണ്ടവർ ഒന്നുകയിൽ അതാത് പഞ്ചായത്തിലോ , മുന്സിപ്പാലിറ്റികളിലോ ഉള്ള കൗൺസിലർ മുഖാന്തിരമോ നേരിട്ടോ ഞങ്ങളെ സമിതിപ്പിക്കാവുന്നാതാണ് . ഞാൻ തൃശൂർ കൂക്കഞ്ചേരി ക്ലബ്ബിലെ അംഗമാണ് .

ഞങ്ങളുടെ ഇപ്പോഴത്തെ പ്രസിഡൻറ് മെട്രോ പൊളിറ്റൻ ആശുപത്രിയുടെ ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടും ആയ ഡോക്ടർ ഗോപിനാഥനാണ്. വരുന്ന ജൂലായ് മുതൽ പ്രേമ രവിപ്രസാദ്‌ ആയിരിക്കും.

nb: please excuse me for the errors in data processing. this will be solved shortly.

Monday, June 5, 2017

തൃശൂർ അമ്പിസ്വാമിയുടെ സദ്യ


memoir

ഇന്നാണ് ശരിക്കും മഴക്കാലം വന്ന പ്രതീതി തോന്നിയത്. ഇന്നെലെ പാലക്കാട് കല്യാണത്തിന് പോയപ്പോൾ മഴ ഒട്ടും ഉണ്ടായിരുന്നില്ല . അതിനാൽ യാത്ര സുഖമായിരുന്നു. ഞാനും എന്റെ പ്രിയ പത്നിയും സുഹൃത്ത് ദാസിന്റെ മകൾ നീലിമയുടെ കല്യാണത്തിൽ പങ്കുകൊണ്ടു . വിഭവസമൃദ്ധമായ സദ്യ ആയിരുന്നെങ്കിലും പാലക്കാടൻ തമിഴ് ചുവയിലുള്ള ഭക്ഷണം എനിക്ക് ആസ്വദിക്കാനായില്ല . കറികൾ കുറെ അധികം ഉണ്ടായിരുന്നു. ആദ്യം പച്ചരി വിളമ്പി ,പിന്നീട് പുഴക്കല്ലരി .

സാമ്പാർ കൂട്ടി ഊണ് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും - അതാ ഒരാൾ തൈരുമായി വരുന്നു. അതിനു പിന്നാലെ രസം. അങ്ങിനെ ആകെ ഒരു മിക്സിങ്ങ് . ഞാൻ ശ്രദ്ധിച്ചു പാലക്കാട്ടുകാരെ . അവർ സുഖമായി കഴിക്കുന്നു . വിശപ്പുള്ളതിനാൽ ഞാൻ പച്ചരിയും സാമ്പാറും കഴിച്ച്. സാമ്പാറിൽ കഷണം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.

വയർ നിറഞ്ഞെങ്കിലും ഒരു തൃപ്തി തോന്നിയില്ല .

അവസാനം പാലടക്ക് വേണ്ടി കാത്തിരുന്ന് ഒടുവിൽ സേമിയ കഴിച്ചു , പിന്നാലെ ചക്കപ്രഥമനും , പരിപ്പും ഒക്കെ വന്നുവെങ്കിലും ഞാൻ സേമിയയിൽ ഒതുക്കി .

പണ്ട് തൃശൂർ അമ്പിസ്വാമിയുടെ സദ്യ കല്യാണങ്ങൾക്ക് മാറ്റ് കൂട്ടിയിരുന്നു. അവിടെ അദ്ദേഹം വിളമ്പുന്നവരോട്  നിർദ്ദേശിക്കുമായിരുന്നു . എന്തൊക്കെ വിളമ്പണം എങ്ങിനെ, എവിടെ, എപ്പോൾ എന്നൊക്കെ . അതനുസരിച്ച് കഴിച്ചാൽ  ശരിക്കും ഒരു തൃപ്തി തോന്നിയിരുന്നു .

Saturday, May 20, 2017

അശരണായ അമ്മമാർനമ്മൾ എന്നും കേൾക്കുന്നതാണ് അമ്മമാരെ നോക്കാത്ത മക്കളെ പറ്റി . ഞാൻ കഴിഞ്ഞ ദിവസവും ഇന്നെലയും ടി വി യിൽ കണ്ടു അമ്മയെ നോക്കാത്ത മക്കളെ പറ്റി. ഇന്നെലെ കണ്ടു ഗുരുവായൂർ അമ്പല നടയിൽ നട തള്ളിയ ഒരു അമ്മയെ പറ്റി. ആ രംഗം തള്ളയെ സ്നേഹിക്കുന്ന മക്കൾക്ക് സഹിക്കാനാവില്ല . ഗുരുവായൂർ അമ്പല നടയിൽ ഇരുന്ന് കേഴുന്ന ഒരു 'അമ്മ .

തേനേ പാലെ എന്നൊക്കെ പറഞ്ഞു മക്കളും മരുമക്കളും അടുത്ത് കൂടി സ്വത്തെല്ലാം എഴുതി വാങ്ങും. എന്നിട്ട് അവരെ പെരുവഴിയിൽ ഇറക്കി വിടും. ചിലർ ജീവനാംശം കൂടി കൊടുക്കില്ല. ആർക്കാണ് ഇതിനൊക്കെ കോടതിയിൽ പോകാൻ നേരം.

മിനിഞ്ഞാന്നാണെന്ന് തോന്നുന്നു ചാനലിൽ കാണിച്ചു എണ്പത്തിയാറു വയസ്സുള്ള ഒരു അമ്മയെയും അവരുടെ ഭർത്താവിനെ പറ്റിയും. ഈ രംഗം കണ്ടിട്ടെനിക്ക് സഹിക്കാനായില്ല. അത് കൊണ്ടാണ് നാല് വാരി ഇവിടെ എഴുതാമെന്ന് വിചാരിച്ചത്.

ഏതൊക്കെ കാണുമ്പോൾ ഞാൻ വിചരിക്കും എന്റെ പുത്രനെ പറ്റി. ഞാനെത്തായിലും അവനൊന്നും എഴുതിക്കൊടുത്തില്ല,കൊടുക്കയും ഇല്ല . എന്റെ മരണാന്തരം എന്തെങ്കിലും ഉണ്ടെങ്കിൽ അവനും അവന്റെ പെങ്ങൾക്കും കിട്ടും . എനിക്ക് കഞ്ഞി കുടിക്കാൻ വകയുള്ളതിനാൽ ആണെന് തോന്നുന്നു അവനൊന്നും തരാത്തതെന്ന് . ദേശസാൽകൃത ബേങ്കിൽ ശാഖാ മേനേജർ ആയ അവന് എന്തെങ്കിലും എനിക്ക് താറാവുന്നതാണ് , മനസ്സറിഞ്ഞ് തന്നാൽ സ്വീകരിക്കും. കൈ നീട്ടില്ല.

മക്കൾ വളരുന്നത് അമ്മയുടെ വാക്ക് കേട്ടിട്ടാണ് മിക്ക വീട്ടിലും. അമ്മക്ക് മകനെ ഉപദേശിക്കാവുന്നതാണ് , പക്ഷെ തുണ്ടായിട്ടില്ല. എന്താണ് കാരണം എന്ന് ഞാൻ അന്വേഷിച്ചില്ല.  മിക്ക വീട്ടിലും ഇതൊക്കെയല്ലേ സ്ഥിതി...? ഒരു പക്ഷേ ആകാം, അല്ലാതിരിക്കാം.

ഞാൻ എന്റെ ചെറുപ്പകാലം ആലോചിക്കുകയാണ് .ഞാൻ മദിരാശിയിൽ പണിയെടുക്കുമ്പോൾ എന്റെ സ്‌കൂൾ ടീച്ചർ ആയ അമ്മയും ഹോട്ടൽ ജീവനക്കാരനായിരുന്ന അച്ഛനും റിട്ടയർ ചെയ്തിരുന്നു. അമ്മക്ക് പെൻഷൻ ഉണ്ടായിരുന്നു, അച്ഛന് ഫിക്സഡ് ഡെപോസിറ്റിൽ നിന്നുള്ള വരുമാനവും . എന്നിട്ടും ഞാൻ എന്റെ ചെറിയ ശമ്പളത്തിൽ നിന്നും മാസാമാസം അമ്മക്ക് ഒരു ചെറിയ തുക അയക്കുമായിരുന്നു. അത് കിട്ടുമ്പോൾ 'അമ്മ അച്ഛനോട് പറയും ..
"കണ്ടില്ലേ നമ്മുടെ മോൻ നമുക്ക് അയച്ച് തന്നത് ...?"  രണ്ടുപേരും അത് കണ്ട് സന്തോഷിക്കും .

പിന്നെ ഞാൻ ഓണത്തിന് നാട്ടിൽ പോകുമ്പോൾ അച്ഛൻ സിലോണിൽ ഉപയോഗിച്ച് കൊണ്ടിരുന്ന പ്ലയേഴ്സ് സിഗരറ്റും, ബ്രെക്ക് ഫാസ്റ്റിനുള്ള കോൺഫ്ലേക്ക്‌സും , മൗലാനാ 100 x 100  കള്ളി മുണ്ടും ഒക്കെ അച്ഛന് കൊണ്ട് കൊടുക്കും. ഈ മാതാപിതാക്കളുടെ പ്രാർത്ഥനയാലായിരിക്കും എന്റെ ജീവിതത്തിൽ എനിക്കുണ്ടായ ഈ വിജയം.

കുന്നംകുളം ചെറുവത്താനിക്കാരനായ ഞാൻ തൃശൂർ നഗരത്തിൽ 25 സെന്റെ പുരയിടത്തിൽ ഒരു കൊച്ച് വീട് പണിതു, മക്കൾക്ക് രണ്ട് പേർക്കും പ്രൊഫഷണൽ വിദ്യാഭ്യാസം നൽകി. അവരുടെ കല്യാണം നടത്തി , ഒരു പിതാവ് ചെയാനുള്ളതെല്ലാം ചെയ്തു.

എനിക്ക് ഇപ്പോൾ വയസ്സ് 70 . ഇപ്പോൾ ഉള്ള ചെറിയ വരുമാനത്തിൽ ഡോക്ടർക്കും മരുന്നിനായി വലിയൊരു തുക ആകും . അച്ഛൻ തേവരുടെ കൃപാ കടാക്ഷത്താൽ വലിയ പ്രശ്നമില്ലാതെ ജീവിച്ച് പോരുന്നു .
എനിക്ക് എഴുതാനിരുന്നാൽ ചിലപ്പോൾ വികാരാധീനനാകും , അതിനാൽ കൂടുതൽ ഒന്നും എഴുതുന്നില്ല.

ആരുമില്ലാത്ത അശരണരായ അമ്മമാർക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട് . ഒരു നേരത്തെ ആഹാരമോ, ഉടുക്കാനുള്ള തുണിയോ എനിയ്ക്ക് കൊടുക്കാനാകും. അതിൽ കൂടുതൽ ഒന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റില്ല.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്റെ ഇപ്പോഴത്തെ അവസ്ഥയിലും ഞാൻ എന്റെ എളിയ വരുമാനത്തിൽ നിന്നും എന്തെങ്കിലും കരുതി വെക്കുന്നുണ്ട്. ഒരു ഡയാലിസിസ് രോഗിക്കും മാസാമാസം ചെറിയ ഒരു തുക മുടങ്ങാതെ കൊടുക്കുന്നുണ്ട്.

ഇനി വല്ലപ്പോഹും എന്തെങ്കിലും ഇവിടെ കുറിക്കാം. എനിക്ക് ആരോടും പകയോ വിദ്വേഷമോ ഒന്നും ഇല്ല.

 ആരോഗ്യമുള്ള സമയത്ത് മരിക്കണം. അതും അച്ഛൻ തേവരുടെ തിരുനടയിൽ കിടന്ന്  മരിക്കാനാണ് ഇഷ്ടം 

Saturday, May 13, 2017

അമ്മൂ അപ്പൂ


എന്റെ സുഹൃത്ത് ശോഭയുടെ മകൾ ശ്രീക്കുട്ടി [ ഒൻപത് വയസ്സ് ] എഴുതിയ കൊച്ചു കഥ ഞാൻ ഇവിടെ പകർത്തതാം
sreekkutty

അമ്മൂ അപ്പൂ

ഒരിക്കൽ അമ്മു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൾ ഒരു ദിവസം സ്‌കൂളിൽ പോയി വരുമ്പോൾ ഒരു വാർത്ത അറിഞ്ഞു . അമ്മുവിൻറെ നാട്ടിൽ ഒരു പുലി വന്നു . അമ്മു പറഞ്ഞു അയ്യോ ഇനി എന്ത് ചെയ്യും ,നമ്മൾ ഇനി എങ്ങിനെ വീട്ടിൽ പോകും . എനിക്ക് പേടിയാകുന്നു . എന്റെ അനിയൻ വീട്ടിൽ ഒറ്റക്കാണല്ലോ ..? അമ്മയും അച്ഛനും ജോലിക്ക് പോയി.
അവൻ വീട്ടിൽ നിന്ന് പേടിക്കുന്നുണ്ടാകും . എങ്ങിനെയെങ്കിലും വീട്ടിൽ എത്തണം . ഞാൻ വേഗം ഓടിപ്പോകും . അങ്ങിനെ അമ്മു, അപ്പുവെന്ന അവളുടെ അനിയനെ കാണാൻ ഓടി ഓടി വീട്ടിൽ എത്താറായി . അപ്പോൾ ഒരു ശബ്ദം അമ്മു കേട്ടു . അത് പുലിയുടെ ശബ്ദം ആയിരുന്നു. അവൾക്ക് പേടിയായി . അവൾ വേഗം ഓടി വീട്ടിൽ എത്തി .

അപ്പോൾ അമ്മു പറഞ്ഞു. അപ്പൂ അപ്പൂ നീ എവിടെയാ , വേഗം നീ നിന്റെ ചേച്ചിയുടെ അടുത്ത്; വരൂ . ചേച്ചി ഞാൻ ഇവിടെ ഉണ്ട് . ചേച്ചി എന്തിനാ ഓടി വരുന്നത് ..? ഈ നാട്ടിൽ പുലി ഇറങ്ങീ അപ്പൂ .

ഹാ ഹാ .. ചേച്ചി അത് കള്ളം പറഞ്ഞതാ . പുലി ഒന്നും ഈ നാട്ടിൽ വന്നിട്ടില്ല . ചേച്ചിയെ പറ്റിച്ചതാകും . ഓ ഞാൻ ആകെ ഒന്ന് പേടിച്ചുപോയി . മക്കളെ ഇതാ ഞാൻ വന്നു . അമ്മെ അഛാ ..മക്കളെ അമ്മൂ അപ്പൂ . ങ്ങിന് അവർ സന്തോഷത്തോടെ ജീവിച്ചു .

Friday, May 5, 2017

കുടമാറ്റം

ഞാന്‍ കൂട്ടുകാരെ വെട്ടിച്ച് ചുളിവിലൊരു മുങ്ങല്‍ നടത്തി വീട്ടിലെത്തി... നല്ല തണുത്ത വെള്ളത്തില്‍ നീരാടി... വൈകിട്ട് തിരോന്തരത്തും നിന്ന് ഒരിപ്പുറം വരാമെന്ന് പറഞ്ഞിട്ടുണ്ട്. അയാളെയും കൂട്ടി പൂരപ്പറമ്പിലെത്തണം. എനിക്ക് കുടമാറ്റത്തിന്റെ തിരക്കില്‍ നില്‍ക്കാന്‍ ഇഷ്ടമില്ല, കാരണം എന്റെ രക്തവാതം പിടിച്ച് കാലുകള്‍ പെട്ടെന്ന് കുഴഞ്ഞേക്കാം. അതിനാല്‍ കുടമാ‍റ്റം കാണാന്‍ മറ്റെന്തെങ്കിലും വഴി കാണണം.... അല്ലെങ്കില്‍ എന്തെങ്കിലും സൂത്രം ഉണ്ടോ എന്ന് പാറുകുട്ടിയുമായി ആലോചിക്കണം...

Monday, April 10, 2017

മുറുക്കാൻ ചെല്ലപ്പെട്ടി

murukkaan chellappetti
എന്റെ കുന്നംകുളത്തെ വീട്ടിൽ വരുന്നവർക്ക് പണ്ടൊക്കെ ആദ്യം ഈ പെട്ടിയാണ്‌കൊടുക്കുക. എന്നിട്ടവർ നന്നായി മുറുക്കി ചുവപ്പിച്ച മുറ്റത്തെല്ലാം തുപ്പി നിറയ്ക്കും. കോളാമ്പി ഉണ്ടെങ്കിലും ചിലർ അതിൽ തുപ്പില്ല.
തുപ്പലെല്ലാം കഴിഞ്ഞ കിണ്ടിയിൽ നിന്ന് വെള്ളം എടുത്ത് കൊൽക്കുഴിയും. അത് കഴിഞ്ഞാൽ ചോദിക്കും .
 "കുടിക്കാൻ എന്താ എടുക്കേണ്ടത്? സാംബാരം, ചായ, കാപ്പി.....?  "

കാലത്ത് മുറ്റമടിക്കുന്നവരുടെ ജോലിയാണ് ചെല്ലപ്പെട്ടിയിൽ വെറ്റില, വെട്ടിയ അടക്ക, പുകയില, ചുണ്ണാമ്പ്, എന്നിവ നിറച്ച് വെക്കുന്നത്. പറമ്പിൽ വെറ്റിലയും, അടക്കയും ധാരാളം. ചിലർക്ക് കളി അടക്കയാണിഷ്ടം, പുകയില മാത്രമാണ് പുറമെ നിന്ന് വാങ്ങേണ്ടത്.

 പ്രായമായവർ പ്രത്യേകിച്ച് പല്ലു കൊഴിഞ്ഞവർ അടക്ക ചെറിയ ഉരലിൽ ഇട്ട് ഇടിക്കും, എന്നിട്ട് താളിൽ വെറ്റിലയിൽ ചുണ്ണാമ്പ് പുരട്ടി വായിലേക്കകത്തേക്ക് കയറ്റി വെച്ച് ചവച്ചരക്കും. എന്റെ അമ്മയും അമ്മൂമ്മയും വയസ്സ് കാലത്ത് പട്ട പുകയിലായാണ് ഉപയോഗിച്ചിരുന്നത്.

പട്ട പുകയ്യില ഞാനും മുറുക്കിയിരുന്നു - ആ പുകയിലയിൽ മധുരത്തിനും മണത്തിനും എന്തോ ചേർക്കും.

ചിലപ്പോൾ മുറുക്കിക്കഴിഞ്ഞ് അച്ചാച്ചന്റെ ചെല്ലപ്പെട്ടിയിൽ നിന്നും ഒരു ബീഡി കട്ട് വലിക്കും.

ആഹാ എന്തൊരു സുഖമുള്ള നാളായിരുന്നു ആ ചെറുപ്പം . !!!!

Tuesday, April 4, 2017

കഴിഞ്ഞ തിങ്കളാഴ്ച

കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കണം എന്ന് വിചാരിച്ചതാണ് അരുൺ കുട്ടന്റെ മൾട്ടി മീഡിയ സ്റ്റുഡിയോ. പക്ഷെ ഉപകരണങ്ങൾ മുഴുവൻ എത്താത്ത കാരണവും എന്റെ അനാരോഗ്യവും ഒക്കെ കാരണം സമയത്തിന് തുറക്കാനായില്ല. പിന്നെ വിഷു കഴിഞ്ഞേ ഉഷ എത്തുകയുള്ളൂ , അതും ഒരു തടസ്സമായി . 

ഇനി വിഷു കഴിഞ്ഞ് തുറക്കാമെന്നു വെച്ചാൽ ഇപ്പോൾ ഉഷ പറയുന്നു മോൾ അടുത്ത മാസമേ മകൾ പോകുകയുള്ളൂ എന്ന്, അപ്പോൾ ഉദ്ഘാടനം ഇനിയും നീണ്ടു പോയേക്കാം .

സാരമില്ല വിഷുവിന് മുൻപ് തുടങ്ങി വെക്കാം . അടുത്ത മാസം മുതൽ കാര്യമായ പ്രവർത്തനം ആകുകയും ചെയ്യാം.

പുതിയ സംരംഭം ആയതിനാൽ ബ്രേയ്ക്ക് ഈവൻ മുട്ടാൻ സമയം എടുക്കും. സാരമില്ല എനിക്ക് പ്രതിഫലം വേണ്ടല്ലോ. അപ്പോൾ ഒട്ടും പ്രശ്നമല്ല  വിഷുവിന് മുന്പ് തുറക്കാൻ .

അരുൺ കുട്ടന്റെ സ്ഥാപനത്തിലേക്ക് ബിസിനസ്സ് തന്നു എല്ലാവരും വിജയിപ്പിക്കണം.Thursday, March 30, 2017

പക്ഷെ രമണി ചേച്ചിക്ക് തരില്ല

ആര്‍ക്ക് വേണമെങ്കിലും തരാം, പക്ഷെ രമണി ചേച്ചിക്ക് തരില്ല.

Sunday, February 12, 2017

ഉഷക്കൊരു വാച്ച്

MEMOIR

ഇന്ന് കാലത്ത് ഒരു കഥയെഴുതാനുള്ള മൂഡ് ഉണ്ടായിരുന്നു.... ഇന്നെലെ ഈവനിങ്ങ് നടത്തത്തിന്നിടയില്‍ തോന്നിയതാണ്‍.. കാലത്ത് കൂര്‍ക്കഞ്ചേരിയിലെ ബോധാനന്ദ ഷോപ്പിങ്ങ് കോമ്പ്ലെക്സിലെ ഓഫീസിലിരുന്ന് ജിനീഷിന്റെ കോഫീഷോപ്പിലെ AVTചായ മൊത്തിക്കുടിച്ചുംകൊണ്ട് തുടങ്ങണമെന്നായിരുന്നു പരിപാടി. പക്ഷെ കാലത്ത് എണീറ്റ് കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് അച്ചന്‍ തേവര്‍ അമ്പലത്തില്‍ തൊഴാന്‍ പോയപ്പോള്‍ ലിറ്റില്‍ ശ്രീദേവിക്കുട്ടി പറഞ്ഞാണ്‍ ഇന്നെത്തെ ഹര്‍ത്താലിനെക്കുറിച്ച് അറിഞ്ഞത്. അമ്പലത്തില്‍ കഴകം ഉണ്ണി വാരിയരെ സഹായിക്കാനെത്തുന്ന തേവരുടെ ഭക്തയിലൊരാളാണ്‍ വലിയ ശ്രീദേവി... ലിറ്റില്‍ ശ്രീദേവിക്കുട്ടിക്ക് പ്രായം പത്ത് വയസ്സില്‍ താഴെ.. എപ്പോഴും അഛന്റെ കൂടെയാണ്‍ വരവ്...

അങ്ങിനെ കൂര്‍ക്കഞ്ചേരി ഓഫീസിലിരുന്ന് എഴുതാന്‍ വിചാരിച്ച കഥയെഴുത്ത് നടന്നില്ല.. ഇനി നാളെ ഉച്ചവരെ ഓഫീസ് മേനേജര്‍ മിനിക്ക് അവധിയാണ്‍.. ചൊവ്വയും വെള്ളിയും മിനിക്കുട്ടിക്ക് ഉച്ചവരെ അവധിയാണ്‍ ....

അങ്ങിനെ ഇന്നെത്തെ പരിപാടിയെല്ലാം പൊളിഞ്ഞു... ഉച്ചവരെ എങ്ങിനെയെങ്കിലും സമയം കളയാന്‍ എവിടെയെങ്കിലും തെണ്ടി നടക്കണം... കൂട്ടത്തില്‍ ചില്ലറ ഷോപ്പിങ്ങും, ജീവകാരുണ്യപ്രവര്‍ത്തനങ്ങളും മറ്റും നടക്കും...

കുറച്ച നാളായി അമ്പലത്തിലെ സുകുമാരേട്ടനോട് പറയാറുണ്ട്, ഒരു വാച്ച് വാങ്ങാന്‍ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരാള്‍ക്ക് ഞാന്‍ ഒരു വാച്ച നല്‍കാമെന്ന്.... കുറേ നാളത്തെ അന്വേഷണത്തില്‍ ഒടുവില്‍ സുകുമാരേട്ടന്‍ കണ്ടുപിടിച്ച ആള്‍ ഉഷയെയായിരുന്നു... ഉഷക്ക് ജെന്റ്റ്സ് വാച്ച് ചേരുകയില്ലാ എന്ന കാരണത്താല്‍ ഞാന്‍ വേറെ ആളെ അന്വേഷിക്കാന്‍ പറഞ്ഞു... പക്ഷെ ആരേയും കണ്ടെത്താന്‍ സാധിച്ചില്ല.

അങ്ങിനെ ഇരിക്കെ ഞാന്‍ ഇന്നെലെ വൈകിട്ട് ദീപാരാധന തൊഴാനെത്തിയ ഉഷയെ കണ്ടു... കയ്യില്‍ വാച്ചും ഉണ്ടായിരുന്നില്ല.

ഞാന്‍ ഉഷയെ സമീപിച്ചു....” എന്റെ വാച്ച് കാണിച്ച് ഇതുപോലൊരു വാച്ച തന്നാല്‍ കെട്ടുമോ എന്ന് ചോദിച്ചപ്പോള്‍, കിട്ടിയാല്‍ കെട്ടുമെന്ന് പറഞ്ഞു...”
അങ്ങിനെയാണെങ്കില്‍ ഞാന്‍ നാളെ സുകുമാരേട്ടനെ ഏല്പിക്കാമെന്ന് പറഞ്ഞു... ഞാന്‍ അമ്പലത്തില്‍ വരുന്ന പലരേയും അറിയുമെങ്കിലും ഉഷയെപറ്റി എനിക്കൊന്നും അറിയില്ലായിരുന്നു... വീടും വീട്ടുകാരുമെല്ലാം. ഇന്നെലെ ജോലി സ്ഥലത്തെ പറ്റി ചോദിച്ചുമനസ്സിലാക്കി.

ഇന്ന് ഞാന്‍ അമ്പലത്തില്‍ പോയി വീ‍ട്ടിലേക്ക് തിരിക്കാനുള്ള സമയം ഉഷ കുടയും ചൂടി വരുന്നത് കണ്‍ടു... “സുകുമാരേട്ടനെ ഏല്പിച്ചിട്ടുണ്ട് വാച്ച്”
“ഉഷ മന്ദസ്മിതം പൂകി അമ്പലത്തിലേക്ക് കയറി, ഞാന്‍ വീട്ടിലേക്കും തിരിച്ചു.”

അങ്ങിനെ ഇന്നെത്തെ ദിനം ധന്യമായി.

ഇനി സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സാമ്പത്തികം ഇല്ലാത്ത ഒരാള്‍ക്ക് എന്റെ പഴയ മൊബില്‍ ഫോണ്‍ കൊടുക്കണം എന്നുണ്ട്.. പഴയ സാധനങ്ങള്‍ ഉപയോഗിക്കാവുന്ന കണ്ടീഷനാക്കി ആര്‍ക്കെങ്കിലും കൊടുത്താല്‍ വീട്ടിലെ Ewaste ക്ലിയര്‍ ചെയ്യാമല്ലോ എന്ന് വിചാരിക്കുകയാണ്‍ ഞാന്‍.. താമസിയാതെ എന്റെ വീട്ടിലെ Ewaste ന്റെ ലിസ്റ്റ് സുകുമാരേട്ടനെ ഏല്പിക്കണം... ആരെങ്കിലും ഉപയോഗിക്കട്ടെ.

ഞങ്ങള്‍ .... ഞങ്ങളെന്ന് വെച്ചാല്‍ ഞാനും കുട്ടന്‍ മേനോനും, രേഖയും, വിജിയും പിന്നെ വാണിയംകുളത്തെ ഒരു ബോയിയും മറ്റുമടങ്ങുന്ന ടീം ഒരു ജോബ് ക്ലബ്ബ് വെബ് സൈറ്റ് വികസിപ്പിച്ചിരുന്നു. ഈ സൈറ്റ് പല പേരിലും വെബ്ബ് ലോകത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു...

ഞാനിപ്പോള്‍ വെബ് ഡിസൈനിങ്ങ് & ഡെവെലപ്മെന്റ് ലോകത്തില്‍ ഇല്ല.. കുട്ടന്‍ മേനോട് പറഞ്ഞ് ഈ സൈറ്റ് ചുളിവ് വിലക്ക് വാങ്ങി തൊഴിലില്ലാത്ത നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കാനുള്ള ഒരു പദ്ധതിക്ക് രൂപം കൊടുക്കണം.

പണ്ട് ഇരിക്കാന്‍ കുട്ടന്‍ മേനൊന്റെ സ്റ്റുഡിയോ ഉണ്ടായിരുന്നു. ഇപ്പോള്‍ അവിടെ ഇരിക്കാന്‍ പറ്റില.. ബോധാനന്ദ ഷോപ്പിങ്ങ് കോമ്പ്ലെക്സില്‍ ഇര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല... അങ്ങിനെയാണെങ്കില്‍ രവിയേട്ടനോട് പറഞ്ഞ് അരുണ്‍ കുട്ടന്റെ ഭാവി സ്റ്റുഡിയോവില്‍ ഈ ജോബ് ക്ലബ്ബിന്റെ അരങ്ങേറ്റം കുറിക്കാം... ജോലിയില്ലാത്ത പാവങ്ങളായവര്‍ക്ക് സൌജന്യ്മായി ഒരു ജോലി കണ്‍ടെത്താം ഈ ക്ലബ്ബില്‍ കൂടി... സാമ്പത്തിക ഭദ്രത ഉള്ളവര്‍ക്ക് ചെറിയ സര്‍വ്വീസ് ചാര്‍ജ്ജ് തരുകയും ചെയ്യാം....

തരക്കേടില്ലാത്ത സ്പീഡില്‍ ടെപ്പ് ചെയ്യാനറിയാവുന്നവര്‍ ദയവായി എന്നെ സമീപിക്കുക..ക്ഷേത്രങ്ങള്‍/അമ്പലങ്ങള്‍/പള്ളികള്‍ എന്നീസ്ഥാപനങ്ങള്‍ക്ക് സൌജന്യ വെബ് സൈറ്റ് BLOG സ്റ്റൈലില്‍ നിര്‍മ്മിച്ച് കൊടുക്കാനുള്ള പരിപാടി ഉണ്ട്.. അതിലേക്കായി ഫ്രീ സര്‍വ്വീസ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് എന്നെ സഹായിക്കാം... അതേ സമയം അവര്‍ക്ക് ഇത്തരം സൈറ്റുകള്‍ നിര്‍മിക്കാനുള്ള വിദ്യയും സ്വായത്തമാക്കാം..

web designing & development അറിയാവുന്നവര്‍ക്ക് കുട്ടന്‍ മേനോന്റെ സ്ഥാപനത്തില്‍ ഒഴിവുണ്ട്.. സൌജന്യ്മായി അവിടെ പ്ല്ലേസ് ചെയ്യാം. എന്നെ സമീപിക്കൂ.... മെസ്സഞ്ചര്‍ മെസ്സെജ് അയക്കൂ..

എല്ലാവര്‍ക്കും സുദിനം നേരുന്നു.
+


Thursday, December 29, 2016

നല്ല മൊരിഞ്ഞ ഉഴുന്നുവട

നല്ല മൊരിഞ്ഞ ഉഴുന്നുവട കഴിച്ചിട്ട് നാളേറെയായി. എനിക്ക് ആരോഗ്യമുണ്ടായിരുന്ന നാളില്‍ ഞാന്‍ തൃശ്ശൂര്‍ സപ്ന തിയേറ്ററിന്റെ വാതുക്കലൊരു റെസ്റ്റോറണ്ടില്‍ നിന്ന് ഉഴുന്നുവട പതിവായി കഴിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഒരു പാര്‍സല്‍ വാങ്ങിച്ച് കാഴ്ച ബംഗ്ലാവിന്നടുത്ത സ്റ്റുഡിയോവില്‍ ഒരു പ്രോഗ്രാം എഡിറ്റ് ചെയ്യാന്‍ പോയപ്പോള്‍ അവിടുത്തെ ഉടമസ്ഥന്റെ സഹധര്‍മിണിക്ക് കൊടുത്തിരുന്നു. 

ആ സ്റ്റുഡിയോവിന്റെ പേരും ആളുകളുടെ പേരുമൊക്കെ മറന്നു. മറവിയുണ്ട് എനിക്ക് കുറേശ്ശേ. വയസ്സ് എഴുപതേ ആയുള്ളൂവെന്ന്കിലും ഇത്തരം വൈകല്യങ്ങള്‍ കടന്ന് വന്നിരിക്കുന്നു.. പേരുകളാണ്‍ ഇപ്പോള്‍ കൂടുതലും മറക്കുന്നത്. ഞാന്‍ പണ്ട് മസ്കറ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഓഫീസ് വിട്ടാല്‍ പെണ്ണിനെയും കുട്ട്യോളേയും ഒരു ഈവനിങ്ങ് ഡ്രൈവിന്‍ കൊണ്ട് പോകുക പതിവായിരുന്നു. അവര്‍ ഡ്രസ്സ് ചെയ്ത് റെഡിയയി നില്‍ക്കും. ഞാന്‍ വീട്ടിലെത്തി ടൈയും സൂട്ടുമെല്ലാം കഴിച്ച്, മുഖം കഴുകി , കാഷ്വല്‍ വെയറും ധരിക്കുന്നതിന്‍ മുന്‍പ് പിള്ളേര്‍സ് പോയി കാറിലിരുന്ന് കഴിഞ്ഞിട്ടുണ്ടാകും. 

mutrah corniche of muscat

മസ്കത്തില്‍ അന്ന് എവിടെയും ഉഴുന്നുവട ലഭിക്കുമായിരുന്നില്ല. ഉണ്‍ടെങ്കില്‍ തന്നെ ചൂടോടെ കിട്ടില്ല, എനിക്ക് ചൂട് വട + ചൂടുള്ള സാമ്പാറും നാളികേര ചമ്മന്തിയും കൂടി കഴിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. തമിഴ് നാട്ടില്‍ കിട്ടും അങ്ങിനെ. ചിലപ്പോള്‍ തൃശ്ശൂരിലെ പത്തന്‍സ് ഹോട്ടലിലും.... 


അങ്ങിനെ ഒരു നാള്‍ മസ്കത്തിലെ സായാഹ്നത്തില്‍ പിള്ലേരിസ്നേയും കൊണ്ട് കറങ്ങുന്നതിന്നിടയില്‍ പെട്ടെന്നൊരു ട്രാഫിക് ജാം വന്നു. മസ്കത്ത് ടൌണിന്‍ അകലെയുള്ള മത്രയിലായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെത്തെ സോണി ഷോറൂമിന്‍ മുന്നിലുള്ള ഒരു ഫ്ലാറ്റ് സമുച്ചയിത്തിലായിരുന്നു അന്ന് താമസം. അമ്മയെയും സഹോദരനേയും കൊണ്ട് വന്ന് താമസിപ്പിക്കാനുള്ള ഉദ്ദേശത്തില്‍ അവിടെ ഒരു 3 ബെഡ് റൂം ഫ്ലാറ്റായിരുന്ന് എനിക്കുണ്ടായിരുന്നത്. ട്രാഫിക്ക് ബ്ലോക്ക്ക്ക് വന്നപ്പോള്‍ ഞാന്‍ ഒരു ഗല്ലിയില്‍ കൂടി തിരിഞ്ഞ് ശാന്തേടത്തി താമസിക്കുന്ന ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങ് ലോട്ടില്‍ എന്റെ സയ്യാര നിര്‍ത്തി പിള്ളേര്‍സിനേയും അവരുടെ അമ്മീസിനേയും കൊണ്ട് ശാന്തേടത്തിയുടെ ഫ്ലാറ്റിലെത്തി. ശാന്തേടത്തിയുടെ ഹസ്സ് അന്ന് BBME യില്‍ ഓഫീസര്‍ ആയിരുന്നു.. അദ്ദേഹം തത്സമയം അവിടെ ഉണ്ടായിരുന്നില്ല, ഏട്ടത്തിക്ക് പിള്ളേര്‍സിനെ കണ്ടപ്പോള്‍ വലിയ സന്തോഷമായി. 

muscat palace of the sultan of muscat

ഞങ്ങള്‍ക്ക് നല്ല ആവി പറക്കുന്ന ക്രിസ്പ് ആയ ഉഴുന്നുവട പത്ത് മിനുട്ടിന്നുള്ളില്‍ ഉണ്ടാക്കിത്തന്നു.. ഞാന്‍ ആ ചൂട് വടയുടെ സ്വാദ് ഇന്നും ഓര്‍ക്കുന്നു.. എന്റെ പെണ്ണിനോട് ഞാന്‍ പല തവണ പറഞ്ഞ് പറഞ്ഞ് ഒരു ദിനം അവളും എനിക്ക് ഉഴുന്നുവട ഉണ്ടാക്കിത്തന്നു. പിന്നീട് പരിപ്പ് വടയും. 


എനിക്കിപ്പോള്‍ വയസ്സായി അതിനാല്‍ പണ്ടത്തെപ്പോലെ ഊര്‍ തെണ്ടാനും കണ്ടതൊക്കെ വാരി വലിച്ച് തിന്നാനും പറ്റുന്നില്ല.... മസ്കത്തില്‍ അന്ന് ഫിലാഫില്‍ എന്ന് പറയുന്ന വട ലഭിക്കുമായിരുന്നു... ചവറ് പോലെയുള്ള ഒരു വട.... നാട്ടിലെ മൊരിഞ്ഞ ഉഴുന്നുവട തിന്നിട്ടുള്ളവനേ അത് ചവറെന്ന് പറയുകയുള്ളൂ... ലബനീസിനും ഒമാനികള്‍ക്കും അത് ഇഷ്ട് വിഭവം തന്നെ. 

another view of corniche

ഞാന്‍ ചിലപ്പോള്‍ ലബനീസ് റെസ്റ്റോറണ്ടില്‍ കയറി ഫിലാഫില്‍ കഴിക്കും, കൂടെ ഒരു സുലൈമാനിയും അല്ലെങ്കില്‍ തണുത്ത ലബനും. ലബനെന്നാ മോര്‍ എന്നാണ്‍ അറബിയില്‍. ഞാനിപ്പോള്‍ 25 വര്‍ഷത്തെ എന്റെ ഗള്‍ഫ് ജീവിതവും അവിടുത്തെ ഗേള്‍ ഫ്രണ്ടുമാരേയും ഓര്‍ക്കുന്നു.. 


പിള്ളേര്‍സിന്‍ വൈകിട്ട് സവാരിക്കിടയില്‍ വേണ്ടത് പ്രധാനമായും ഷവര്‍മ്മയാണ്‍ + കോള. റെസ്റ്റോറണ്ടില്‍ തിരക്കാണെങ്കില്‍ ഞാന്‍ പാര്‍സല്‍ വാങ്ങി കാറില്‍ ഇരുന്ന് ചൂട്ടോടെ കഴിക്കും. ഷവര്‍മ്മയുടെ കൂടെ കിട്ടുന്ന വെനീഗറില്‍ ഇട്ട പിക്കിള്‍സ് റിയലി ടേസ്റ്റി. 


അതില്‍ പ്രധാനമായും കുക്കുമ്പര്‍ + ബീറ്റ് റൂട്ട് ആയിരുന്നു.. ഞാന്‍ ഒരിക്കല്‍ നാലു ഷവര്‍മ്മക്കും കൂടി കിട്ടിയ ബീറ്റ് റൂട്ട് മൊത്തം ആര്‍ക്കും കൊടുക്കാതെ കഴിച്ചു. കാലത്ത് ശ്രദ്ധയില്‍ പെട്ടു മൂത്രത്തിന്‍ ചുവപ്പ് നിറം. ആകെ പേടിച്ചുപോയി...... മൂത്രം ടെസ്റ്റ് ചെയ്യാന്‍ കുപ്പിയിലാക്കി ലാബില്‍ ചെന്നപ്പോള്‍ അവിടുത്ത് സുന്ദരിമാരായ ഫിലിപ്പനീസിനും മൂത്രത്തിന്റെ നിറം കണ്ടിട്ട് ചിരി വന്നു...


റിസല്‍ട്ട് വന്നപ്പോള്‍ നോര്‍മ്മല്‍. അപ്പോളാണ്‍ ഞാന്‍ ഓര്‍ത്തത് തലേ ദിവസത്തെ പിക്കിള്‍സിന്റെ ഓവര്‍ തീറ്റമൂലമായിരുന്നെന്ന്. ഒരു പക്ഷെ ആ പിക്കിള്‍സില്‍ കളറും ചേര്‍ത്ത് കാണുമെന്ന്. മസ്കത്തിലൊന്നും മൂത്രത്തില്‍ ചുവപ്പുനിറം വരാനുള്ള കളറുകളൊന്നും ചേര്‍ക്കാനുള്ള സാധ്യത കുറവാണെങ്കിലും ഞാന്‍ പിന്നീട് ഷവര്‍മ്മ വാങ്ങുമ്പോല്‍ കൂടുതല്‍ പിക്കിള്‍സ് കഴിക്കാറില്ല...


ഏതായാലും facebook   കാര്‍ത്തികാ ചന്ദ്രന്റെ ഉഴുന്നുവട കണ്ടപ്പോള്‍ പലതും ഓര്‍ക്കാന്‍ സാധിച്ചു... ഈ പോസ്റ്റ് കാര്‍ത്തികാ ചന്ദ്രന്‍ തന്നെ ഡെഡിക്കേറ്റ് ചെയ്യട്ടെ... ഇത് എന്റെ ബ്ലൊഗിലും കോപ്പി ചെയ്യാം.


i shall write more about muscat later

Sunday, December 25, 2016

ഇന്നെലെ ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ

sree ramakrishnan ashramam gurukulam (hostel)
ഇന്നെലെ ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ (ഹോസ്റ്റല്‍ മേറ്റ്സിന്റെ) കുടുംബ സംഗമം ആയിരുന്നു. ഞാന്‍ 1963 ലെ SSLC ബാച്ച് ആയിരുന്നു. അസുഖം കാരണം എനിക്ക് പങ്കെടുക്കാനായില്ല. വര്‍ഷങ്ങളായി ഞാന്‍ രക്തവാതത്തിന്റെ പിടിയിലാണ്. ഇപ്പോള്‍ ഒരു കണ്ണിന് ഗ്ലോക്കോമ ബാധിച്ച് ജീര്‍ണ്ണാവസ്ഥയിലാണ്. പോകണമെന്ന് വളരെ ആശിച്ചതായിരുന്നു, നടന്നില്ല, കൂടെ പോകാനാരും ഉണ്ടായിരുന്നില്ല.. എനിക്കാണെങ്കില്‍ 5 കിലോമീറ്ററില്‍ കൂടുതല്‍ ഉള്ള സ്ഥലത്തേക്ക് ഒറ്റക്ക് പോകാനൊരു ഭയം.

ഇനി ഒരു കൊല്ലം കാത്തിരിക്കണം അടുത്ത സംഗമത്തിന്. അപ്പോഴേക്കും ഭഗവാനങ്ങോട്ട് വിളിച്ചാല്‍ മതി.. എല്ലാം അച്ചന്‍ തേവര്‍ കടാക്ഷം. എന്റെ ക്ലാസ്സ് മേറ്റ്സിനെ നേരിട്ട് കാണാനുള്ള ഒരു സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടു. പതി, ഗോപാലകൃഷ്ണന്‍, രാജന്‍, ദശരഥന്‍ തുടങ്ങിയവരെ ഞാന്‍ ഓര്‍ക്കുന്നു. മറ്റാരേയും ഓര്‍മ്മയില്ല....
കാഴ്ചവൈകല്യവും ഓര്‍മ്മക്കുറവും ഉണ്ട്.

Sunday, October 9, 2016

വെറ്റില മുറുക്കാന്‍ കൊക്കിന്‍ കാട്ടം

ഒരു കര്‍ക്കിടക സംക്രാന്തിയുടെ ഓര്‍മ്മയിലൂടെ

==========================

പ്രിയാദാസിന്റെ കുറിപ്പ് കണ്ടപ്പോളാണൊര്‍ക്കണത് ഇന്ന് കര്‍ക്കിടക സംക്രാന്തിയാണെന്ന്...

എന്റെ നാട്ടിന്‍പുറത്ത് എല്ലാവരും പോര്‍ക്കിറച്ചി വെക്കും. അമ്മാമന്മാരൊക്കെ വൈകിട്ട് കൂട്ടത്തില്‍ റാക്ക് സേവിക്കും. ഞങ്ങള്‍ കുട്ടികള്‍ ചിരട്ടകളില്‍ അത് മോട്ടിക്കും. നാല് ബീഡിയും... ഹാ...!! ആ കാലമൊക്കെ അയവിറക്കാനല്ലാതെ. ഈ സിറ്റിയിലൊന്നും ആ ലൈഫ് ഇല്ല. മറ്റുപലതും ഉണ്ട്.. ബട്ട് നൊ നോസ്റ്റാല്‍ജിക് മെമ്മറീസ്..

ചിലപ്പോള്‍ മുത്തുവിന്റെ സൈക്കിളിന്റെ പിന്നില്‍ ഞാനും കയറും അങ്ങാടിയിലേക്ക്, ചിലപ്പോള്‍ അവന്‍ കയറ്റില്ല. ആള് എന്റെ ചെറിയ അമ്മാമനാണെങ്കിലും ഞാന്‍ അവനെ പേര് ആണ് വിളിക്കുക.

എന്നെ ബീഡി വലിക്കാനും, വെറ്റില മുറുക്കാനും ഒക്കെ ഇവനാണ് പഠിപ്പിക്കുക. ഞങ്ങള്‍ ഇടക്ക് തട്ടിന്‍ പുറത്ത് ഒത്ത് കൂടും. അവിടെയാണ് മുത്തുവിന്റെ താവളം. ചിലപ്പോള്‍ ബീഡി വലിക്കാനില്ലാതെ വരുമ്പോള്‍ ആഷ്ട്രേയിലുള്ള വലിയ കുറ്റികള്‍ നോക്കിയെടുത്ത് വലിക്കും.

പാറയിലങ്ങാടിയില് പോര്‍ക്കിനെ വെട്ടിക്കഴിഞ്ഞാല്‍ വലിയ തിരക്കാണ് അന്ന്. അല്ലത്ത ദിവസങ്ങളിലും അവിടെ പോര്‍ക്ക് കിട്ടുമെങ്കിലും ഞങ്ങള്‍ തീയന്മാര്‍ ഈ ദിവസം മാത്രമേ പോര്‍ക്കിനെ ശാപ്പിടുകയുള്ളൂ...

അങ്ങിനെ മുത്തുവിന്റെ കൂടെ പോര്‍ക്കിറച്ചി വാങ്ങാന്‍ സൈക്കിളില്‍ പറക്കും. ചിറവക്കഴ കഴിഞ്ഞാല്‍ പിന്നിലിരുന്ന്‍ എന്നെക്കൊണ്ട് ചവിട്ടിക്കും. അപ്പോള്‍ ഹൈസ്പീഡില്‍ പറക്കാം.

അവന്‍ ആളൊരു കള്ളനാണ്, ഇടക്ക് അവന്‍ ചവിട്ടല്‍ നിര്‍ത്തും, എന്നെക്കൊണ്ട് മാത്രം ചവിട്ടിക്കും.

അമ്മാമന്റേയും മരുമകന്റേയും കുസ്രിതികള്‍ ആലോചിക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് ചിരി വരുന്നു....

ഒരിക്കല്‍ ഞങ്ങള് പുഞ്ചപ്പാടത്തുള്ള കാക്കാത്തിരുത്തില് കൊക്കിനെ പിടിക്കാന്‍ പോയി. കൊക്കിനെ പിടിത്തത്തിന്നിടയില് ഞങ്ങള് കുശാലായി ഒന്ന് മുറുക്കാന് തീരുമാനിച്ചു. കാക്കാത്തിരുത്തിന്മേല് വെറ്റിലയും അടക്കയും ധാരാളം വിളയുനന് ഇടമാണ്. ഒരു മരത്തില്‍ കയറി ആദ്യം അടക്ക മോട്ടിച്ചു, പിന്നെ മറ്റൊന്നില് നിന്ന് വെറ്റില നുള്ളി.

ഒരിടത്തിരുന്ന് വിശദമായി മുറുക്കാനാരംഭിച്ചപ്പോള് ആണ് ഓര്‍മ്മ വന്നത്, ചുണ്ണാമ്പില്ലാ എന്ന കാര്യം. “ഉണ്ണ്യേ ഒരു സൂത്രമുണ്ട്. ഈ ചുണ്ണാമ്പിനേക്കാളും ശുദ്ധിയായതാണ് കൊക്കിന് കാട്ടം. ചുണ്ണാമ്പിന് പകരം അത് ചേര്ക്കാം..”

“ഈ മണ്ടന് ഉണ്ണി അവന്റെ വാക്ക് കേട്ട് ചുണ്ണാമ്പിന് പകരം കൊക്കിന് കാട്ടം ചേര്ത്ത് വെറ്റില മുറുക്കിയ കഥ ഞാന് ഈ അവസരത്തില് ഓര്ത്തോര്ത്ത് ചിരിക്കുന്നു..

കുറുമ്പനാണെങ്കിലും എന്റെ അമ്മാമന് സ്നേഹമുള്ളവനായിരുന്നു. അവന്‍ അകാലത്തില് ചരമമടഞ്ഞു……. അവന്‍ വിളിക്കുന്നത് കേട്ടിട്ടാണ് ഞാന് എന്റെ പെറ്റമ്മയെ ചേച്ചി എന്ന് വിളിച്ച് ശീലിച്ചത്…


++ this is s copied  from one of my other blog ++

Friday, September 30, 2016

മസാല ഓം ലെറ്റില്‍ ടബാസ്കോ സോസ്

MEMOIR


.
കുറച്ച് നാളായി ഈ വഴിക്ക്  വരാറില്ല, കാരണം അനാരോഗ്യം തന്നെ. എന്നും ആശുപത്രിയില്‍ പോകേണ്ടി വരുന്ന ഒരു ഗതികേട് ഉണ്ടായി കുറച്ച് നാള്‍, ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ട് വരുന്നു. എന്റെ കണ്ണുകള്‍ ഗ്ലോക്കോമ ബാധിച്ച് ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്നു. അതിനാല്‍ കമ്പ്യൂട്ടറില്‍ എഴുതാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു,

കുറച്ചധികം എഴുതാനുണ്ട്, അതിനാല്‍ പിന്നീടാകാം, തന്നെയുമല്ല് ആശുപത്രിയില്‍ പോയി ഇപ്പോ വീട്ടിലെത്തിയതേ ഉള്ളൂ. ഇന്‍ മാമുണ്ണണം , ഒന്നുമയങ്ങണം, പിന്നെ ഫിസിയോ തെറാപ്പി റിലേറ്റഡ് വ്യായാമം മുതലായവ ഉണ്ട്. അതൊക്കെ കഴിഞ്ഞ് തുടര്‍ന്നെഴുതാം.

കുറെ നാളുകള്‍ക്ക് ശേഷമായതിനാല്‍ എഴുത്ത് പലകയിന്മേലുള്ള അക്ഷര്‍ക്കൂട്ടങ്ങള്‍ ശരിക്കും വഴങ്ങുന്നില്ല എന്നപോലെ തോന്നുന്നു. പിന്നെ കണ്ണിന്റെ വോള്‍ട്ടേജ് പ്രശ്നം രൂക്ഷം . കണ്ണുകള്‍ റ്ഫ്രഷ് ചെയ്യുന്നതിനുള്ള മരുന്നൊഴിച്ച് ഫ്രഷായി പിന്നീട് വരാം.

കൂടിയാല്‍ നാല്‍ തവണയേ റഫ്രഷ് ലിക്ക്വിജെല്‍ എന്ന മരുന്ന്  ഒഴിക്കാവൂ, എന്നിരുന്നാലും കൂടുതല്‍ സമയം ഒഴിക്കാന്‍ തോന്നും ചിലപ്പോള്‍, അപ്പോള്‍ ദൈവത്തെ വിളിക്കുകയേ നിവൃത്തി ഉള്ളൂ.. 30 കൊല്ലം മുന്‍പ് ഒമനില്‍ നിന്നും ഒരു കണ്ണ് സര്‍ജ്ജറി ചെയ്തു. ആ കണ്ണിനാണ്‍ ഇപ്പോള്‍ കൂടുതല്‍ പ്രശ്നം. 

കൂടാതെ മറ്റനവധി അസുഖങ്ങളും. കാലില്‍ വാതം തുടങ്ങിയിട്ട് 10 കൊല്ലം കഴിഞ്ഞു, പലരും എന്നെ ചികിത്സിച്ചു. ആയുര്‍വ്വേദവും പരീക്ഷിക്കപ്പെട്ടു.  ആയുര്‍വ്വേദാശുപത്രിയില്‍ ഒരു മാസം കിടന്നുവെങ്കിലും എന്റെ വാതം ശമിച്ചില്ല. ഇപ്പോള്‍ രോഗങ്ങളുടെ പട്ടികയില്‍ ഒരു ന്യൂറോ ഫിസിഷ്യന്റെ പേരും വന്നിരിക്കുന്നു.  

ശോധന ശരിയല്ലാതെ  വിഷമിക്കുന്ന അവസ്ഥയില്‍ കുറച്ച് ദിവസം ഞാന്‍ പട്ടിണി കിടന്നു, അങ്ങിനെ കൈ വിരലുകള്‍ വിറക്കാന്‍ തുടങ്ങി. ന്യൂറോ ഫിസിഷ്യന്റെ മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ രോഗത്തിന്‍ ശമനമുണ്ട്.

എനിക്കൊരു ദുശ്ശീലം ഉണ്ട്. എന്നെ ചികിസ്തിക്കുന്ന ഡോക്ടര്‍മാരോട് എനിക്ക് ഇടക്കിടക്ക് ഫോണില്‍ വര്‍ത്തമാനം പറയണം. ചിലര്‍ക്ക് അതിന്‍ സമ്മതം, മറ്റുചിലര്‍ക്ക് ഒട്ടും ഇഷ്ടമില്ല. ഒരു ഡോകടര്‍ വാട്ട്സ് ഏപ്പ് മെസ്സേജ് പോലും റെസ്പോണ്ട് ചെയ്യും. എന്നുവെച്ച് ഞാന്‍ എപ്പോഴും തിര്‍ക്ക് കൂടിയവരെ ശല്യം ചെയ്യാറില്ല.

ഇന്ന് കുറേ നാളുകള്‍ക്ക് ശേഷം എന്നെ എഴുതാന്‍ നിര്‍ബ്ബന്ധിപ്പിച്ചത് എന്നെ ശുശ്രൂഷിക്കുന്ന അനവധി ഡോക്ടര്‍മാരിലൊരാളായ ഒരു ന്യൂറോ ഫിസിഷ്യന്‍ ആണ്‍. ഞാന്‍ എന്നെ ശുശ്രൂഷിക്കുന്ന എല്ലാ ഡോകര്‍മാരിലും ഞാന്‍ ദൈവീക പരിവേഷം കാണുന്നു, അവര്‍ ദൈവതുല്യരാണ്‍. അവര്‍ക്ക് ദൈവം തന്പുരാന്‍ ആരോഗ്യവും, ധനവും, പ്രശസ്തിയും പ്രദാനം ചെയ്യട്ടെ..

ന്യൂറോ ഫിസിഷ്യനെ മൊബൈല്‍ വിളിക്കണമെന്ന് എനിക്കാഗ്രഹം ഉണ്ട്. ഒന്നുരണ്ട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുന്നതിന്‍ ആശുപത്രി ഫോണില്‍ വിളിച്ചാല്‍ ശരിയാകില്ല. ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കാണുകയെന്നുവെച്ചാല്‍ രണ്ട് മൂന്ന് മണിക്കൂറിന്റെ കഷ്ടപ്പാടുണ്ട്.. ഇടുങ്ങിയ ഇടനാഴിയില്‍ ആവശ്യത്തിന്‍ ഇരിപ്പടങ്ങളില്ല.. എനിക്ക് കൂടെകൂടെ മൂത്ര ശങ്ക ഉണ്ട്. ടോയ് ലറ്റ് വളരെ അകലെ. മഴ പെയ്താല്‍ കുട പിടിക്കണം. വാതരോഗിക്കുള്ള എന്റെ പാദരക്ഷ വാട്ടര്‍ പ്രൂ‍ഫ് അല്ല. അതിനാല്‍ ഞാന്‍ എങ്ങിനെ അദ്ദേഹത്തോട് സംസാരിക്കുമെന്ന ചിന്തയിലാണ്‍.

ഈ പോസ്റ്റ് കമ്പ്യൂട്ടറില്‍ കുത്തിക്കുറിക്കുമ്പോള്‍ ഭാര്യാശ്രീ വന്ന് ചൊല്ലീടിനാന്‍……… “അധികം കളിക്കേണ്ട കമ്പ്യൂട്ടറില്‍ കണ്ണ് വേദനയെന്നുമ്പറഞ്ഞ് എന്റെ അടുത്തേക്ക് വരേണ്ട.”

അവള്‍ ഉച്ചക്ക് മയങ്ങാന്‍ കിടന്ന്പ്പോഴായിരുന്നു എന്റെ കമ്പ്യൂട്ടര്‍ വിളയാട്ടം. ഇന്നവള്‍ പതിവിലും നേരത്തെ മയക്കം മതിയാക്കി. ഷോപ്പിങ്ങിന്‍  പോയപ്പോല്‍ രണ്ട് പരുപ്പ് വടയും വാങ്ങിയിരുന്നു, ഈവനിങ്ങ് ചായക്ക് കൂട്ടായി, അത് കഴിക്കാനുള്ള തിരക്കില്‍ അവള്‍ നേരത്തെ എണീറ്റു. അതിനാല്‍ എനിക്ക് ചീത്തയും കേട്ടു. സാരമില്ല, അവള്‍ക്ക് ചീത്തവിളിക്കാന്‍ ഞാന്‍ ഒരാളല്ലേ ഉള്ളൂ…. 

എനിക്ക് വയ്യാണ്ടായാല്‍ അവള്‍ക്ക് വേവലാ‍തി തന്നെ മറ്റെല്ലാവരേയും പോലെ. എനിക്കെന്നും ഓരോ വേവലാതി ഉണ്ടാകും, ഒന്നുകില്‍ കണ്ണുവേദന അല്ലെങ്കില്‍ മറ്റെന്തെങ്കിലും വേദന, അല്ലെങ്കില്‍ ടോയ് ലെറ്റില്‍ പോയത് ശരിയായില്ല എന്നൊക്കെ പറഞ്ഞ്… 

അവധിക്ക് മകള്‍ വരുമ്പോള്‍ അവളൊട് പറയും… എനിക്ക് പരാതി പറയാന്‍ വീട്ടില്‍ ഉറ്റവരായി ആരെങ്കിലും ഉണ്ടായാല്‍ മതി.. 

പണ്ട് ഓഫിസില്‍ പോകുന്ന കാലത്ത് കുട്ടന്‍ മേനോനോട് പരാതി പറയുമായിരുന്നു, സങ്കടം പങ്കുവെക്കുമായിരുന്നു. ഇപ്പോള്‍ മേനോനെ കാണാനില്ല, മേനോന്‍ ഒരു സ്നേഹവുമില്ല. അല്ലെങ്കില്‍ രണ്ട് കുപ്പി ഫോസ്റ്റര്‍ ബീയറും വാങ്ങി പ്രകാശേട്ടനെ കാണാന്‍ വന്നുകൂടെ.

പണ്ട് വാത രോഗത്തിന് ശമനമുണ്ടായിരുന്ന കാലത്ത് നടക്കാന്‍ പോയി വരുന്ന വഴിക്ക് ജോയ്സ് പാലസ്സില്‍ കയറി ഫോസ്റ്റര്‍ ബീയറും മസാല ഓം ലെറ്റും കഴിക്കുമായിരുന്നു. ബാര്‍ കൌണ്ടറിലിരുന്ന് കാഴ്ചകള്‍ കണ്ട് തണുത്ത ബീയര്‍ നുണയാന്‍ എനിക്ക് ഇഷ്ടമായിരുന്നു. മസാല ഓം ലെറ്റില്‍ ടബാസ്കോ  സോസ് ഒഴിച്ച് ചിലപ്പോള്‍ ഞാന്‍ നക്കുമായിരുന്നു..

+++ പവ്വര്‍ കട്ട് വന്നതിനാല്‍ തല്‍ക്കാലം ഇവിടെ സുല്ല് പറയട്ടെ...++++  സ്പ്പെല്ലിങ്ങ് മിസ്റ്റെക്കുകള്‍ കാറബ വന്നതിന് ശേഷം ശരിയാക്കാം.....+++

.